കള്ളനോട്ടുകളുമായി നാലംഗസംഘം ഉള്ളാള്‍ പൊലീസിന്റെ പിടിയില്‍; കാറും രണ്ട് ലക്ഷത്തിലേറെ നോട്ടുകളും പിടിച്ചെടുത്തു
മംഗളൂരു: വ്യാജ കറന്‍സി നോട്ടുകള്‍ വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നാലംഗസംഘം ഉള്ളാള്‍ പൊലീസിന്റെ പിടിയിലായി. സയ്യിദ് ഹക്കീബ്, ഫൈസല്‍ ഖാന്, മുഹമ്മദ് ജമാന്‍, ഹാരിസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സലീമും രഞ്ജിതും രക്ഷപ്പെട്ടു.
ഉള്ളാള്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ കടല്‍തീരത്തിനടുത്ത് നിര്‍ത്തിയിട്ടിരുന്ന ബംഗളൂരു രജിസ്ട്രേഷനുള്ള ഹോണ്ട സിറ്റി കാറില്‍ ഇരുന്ന് വ്യാജ കറന്‍സി നോട്ടുകള്‍ കൈമാറാന്‍ ശ്രമിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. പൊലീസ് കാറിനടുത്തെത്തിയപ്പോള്‍ രണ്ടുപേര്‍ ഓടി മറഞ്ഞു. മറ്റുനാലുപേരെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു.
പൊലീസ് ചോദ്യം ചെയ്തതോടെ വ്യാജ കറന്‍സി നോട്ടുകള്‍ കൈമാറാനാണ് തങ്ങള്‍ എത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. സംഘം സഞ്ചരിച്ച ഹോണ്ട സിറ്റി കാര്‍, അഞ്ച് മൊബൈല്‍ ഫോണുകള്‍, 2.4 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു.