എന്‍ഫോഴ്സ്മെന്റ് കേസില്‍ സ്വപ്നയ്ക്ക് ജാമ്യം; എന്‍ഐഎ കേസില്‍ റിമാന്‍ഡ് തുടരും.പുറത്തിറങ്ങാൻ ആകില്ല.
കൊച്ചി : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) റജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. സ്വപ്നയ്ക്കു നേരത്തെ കസ്റ്റംസ് കേസിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ എന്‍ഐഎ കേസില്‍ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാല്‍ റിമാന്‍ഡില്‍ തുടരേണ്ടി വരും. ഇതിനു പുറമേ സ്വപ്നയ്ക്കെതിരെ കോഫെപോസ നിയമപ്രകാരം ഒരുവര്‍ഷം കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കസ്റ്റംസ് അനുമതി നേടിയിട്ടുമുണ്ട്. അതുകൊണ്ടു തന്നെ എന്‍ഐഎ കേസിലും ജാമ്യം ലഭിച്ചാലും സ്വപ്നയ്ക്ക് പുറത്തിറങ്ങാനാവില്ല. സ്വപ്നയ്ക്കു പുറമേ സന്ദീപ് നായരുടെ കേസും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.
കസ്റ്റംസ് സ്വര്‍ണക്കടത്ത് കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ കള്ളപ്പണം വെളുപ്പിച്ചതിനാണ് ഇഡി സ്വപ്നയ്ക്കും സംഘത്തിനും എതിരെ എഫ്ഐആര്‍ ഇട്ട് കേസ് റജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ വന്നതോടെയാണ് അവകാശ ജാമ്യത്തിനായി സ്വപ്ന കോടതിയെ സമീപിച്ചത്. എന്നാല്‍ അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയാകുന്ന ദിവസം തന്നെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതിക്കു സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാനാണു തിരക്കിട്ട് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് സ്വപ്നയുടെ അഭിഭാഷകന് വാദിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.