ഖുശ്ബുവും കാവിയണിഞ്ഞു കോണ്‍ഗ്രസ് വിടുന്ന വക്താക്കളുടെ നിര നീളുന്നു ഇനിയാര്..?
ന്യൂഡല്‍ഹി:
കോണ്‍ഗ്രസില്‍നിന്ന് വക്താക്കള്‍ ഓരോരുത്തരായി പുറത്തേക്ക്. സോണിയ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ടോം വടക്കനാണ് ആദ്യം പോയത്. കോണ്‍ഗ്രസ് വക്താവ് ആയിരിക്കെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പായാണ് വടക്കന്‍ ബിജെപിയില്‍ ചേർന്നത്. സോണിയ ഗാന്ധിയുടെ ജന്‍പഥിലെ വസതിയില്‍ എപ്പോഴും പ്രവേശന സ്വാതന്ത്ര്യമുണ്ടായിരുന്ന വടക്കന്‍ ഇപ്പോള്‍ ബിജെപി വക്താവ്.
കോണ്‍ഗ്രസ് വക്താവായിരുന്ന പ്രിയങ്ക ചതുര്‍വേദി ശിവസേനയിലേക്കാണ് പോയത്. നിലവില്‍ ശിവസേനയുടെ രാജ്യസഭാംഗം. 10 വര്‍ഷത്തോളം കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന പ്രിയങ്ക ചാനല്‍ചര്‍ച്ചകളില്‍ കോണ്‍?ഗ്രസ് മുഖമായിരുന്നു. രാഹുല്‍ ബ്രിഗേഡില്‍ ഒരാളായി വിശേഷിപ്പിക്കപ്പെട്ട പ്രിയങ്ക ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുംബൈയില്‍ സീറ്റ് നിഷേധിക്കപ്പെട്ടതുമുതല്‍ അസ്വസ്ഥയായിരുന്നു.
മഥുരയില്‍ വാര്‍ത്താസമ്മേളനത്തിനിടെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് പ്രിയങ്ക പരാതിപ്പെട്ടു. എട്ടുപേരെ പുറത്താക്കിയെങ്കിലും ജ്യോതിരാദിത്യ സിന്ധ്യ ഇടപെട്ട് തിരിച്ചെടുത്തു. ഇതില്‍ ക്ഷുഭിതയായാണ് പ്രിയങ്ക കോണ്‍ഗ്രസ് വിട്ടത്.
ചാനല്‍ചര്‍ച്ചകളില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് മുഖമായിരുന്ന സഞ്ജയ് ഝായും ഇപ്പോള്‍ പുറത്ത്. രാഹുല്‍ ഗാന്ധിയുടെ നേതൃശേഷി ചോദ്യംചെയ്തതാണ് കാരണം. ഖുശ്ബുകൂടി പോയതോടെ വക്താക്കളില്‍ ഇനിയാര് എന്ന ചോദ്യമാണ് ഉയരുന്നത്.