ജോസ് കെ.മാണി ഇടതുമുന്നണിയിലേക്ക്; എം.പി. സ്ഥാനം ഒഴിയും
കോട്ടയം: ജോസ് കെ.മാണിയുടെ രാഷ്ട്രീയ തീരുമാനം വെള്ളിയാഴ്ചയ്ക്കകം പ്രഖ്യാപിച്ചേക്കും. ഇടതുമുന്നണിയിലേക്കാണ് പാര്‍ട്ടി പോവുക. യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച രാജ്യസഭാ എം.പി.സ്ഥാനം ജോസ് കെ.മാണി രാജിവെക്കുന്നതും ആലോചനയിലുണ്ട്.
ജനപ്രതിനിധികളായ തോമസ് ചാഴികാടന്, റോഷി അഗസ്റ്റിന്, ഡോ.എന്‍.ജയരാജ് എന്നിവരുമായി ഒരു വട്ടംകൂടി ചര്‍ച്ചനടത്തിയ ശേഷമാകും ജോസ് കെ.മാണി പ്രഖ്യാപന തീയതി നിശ്ചയിക്കുകയെന്ന് മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു. റോഷിക്ക് കോവിഡ് ബാധിച്ചതിനാല്‍ മുതിര്‍ന്ന നേതാക്കളുടെ കൂടിക്കാഴ്ച വൈകിയതാണ് രാഷ്ട്രീയ തീരുമാനം വൈകിപ്പിച്ചത്.
യു.ഡി.എഫിന്റെ ഭാഗമായി ഇത്രകാലം പ്രവര്‍ത്തിച്ചിട്ടും മാന്യമായ സമീപനമല്ല കോണ്‍ഗ്രസ് നേതാക്കളില്‍നിന്നുണ്ടായതെന്ന പൊതുവികാരമാണ് നേതാക്കള്‍ കഴിഞ്ഞ നേതൃയോഗത്തിലും പങ്കുവെച്ചത്. മടങ്ങിപ്പോകുന്നത് അതുകൊണ്ടുതന്നെ അജന്‍ഡയിലില്ല. ഇടതുമുന്നണി കണ്‍വീനറുമായി പലവട്ടം ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുമുണ്ട്.
അസംബ്ലി മണ്ഡലങ്ങളുടെ വീതംവെപ്പ് പിന്നീട് തീരുമാനിക്കും. രാഷ്ട്രീയമായി ഇടതു ചേരിയിലേക്ക് പോവുക എന്ന തീരുമാനമാകും പറയുക.
പാലാ സീറ്റിനെക്കുറിച്ച് സിറ്റിങ് എം.എല്‍.എ. മാണി സി.കാപ്പന് ഉയര്‍ത്തിയ അവകാശവാദത്തിന് എതിരേ ഇപ്പോള്‍ ശക്തമായ എതിര്‍പ്പ് പരസ്യമായി പറയില്ല. സീറ്റ് വിഭജനം മുന്നണി തീരുമാനിക്കുന്ന വിഷയമാണെന്ന നിലപാടാകും സ്വീകരിക്കുക. മുന്നണിയുടെ ഭാഗമായി മാറുമ്പോള്‍ സീറ്റുകള്‍ അതിന്റെ നേതൃത്വം നിശ്ചയിക്കട്ടെയെന്ന സമീപനം സ്വീകരിക്കും.