രണ്ടരക്കോടിയുടെചന്ദനമുട്ടികള് കടത്താന്‍ ശ്രമിച്ച കേസില്‍ ജയിലിലായ മുഖ്യപ്രതിക്ക് കോവിഡ് അന്വേഷണ ഉദ്യോഗസ്ഥര്‍ ക്വാറന്റൈനിലേക്ക്
കാസര്‍കോട്: വിദ്യാനഗറിലെ വീട്ടില്‍ നിന്ന് 885. 56 കിലോ ചന്ദനമുട്ടികള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഖ്യപ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ ക്വാറന്റൈനിലേക്ക്. കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ റിമാണ്ടില്‍ കഴിയുന്ന തായല്‍ നായന്മാര്മൂലയിലെ വി. അബ്ദുല്ഖാദറിനാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ അബ്ദുല്‍ഖാദറിനെ ജില്ലാ ജയിലിലെ ഒബ്സര്‍വേഷന്‍ സെന്ററിലേക്ക് മാറ്റി. അബ്ദുല്‍ഖാദറിനെ അറസ്റ്റ് ചെയ്ത വനംവകുപ്പുദ്യോഗസ്ഥര്‍ ഈ സാഹചര്യത്തില്‍ ക്വാറന്റൈനില്‍ പോകേണ്ടിവരും. അബ്ദുല്‍ഖാദറിനെ വീണ്ടും പരിശോധനക്ക് വിധേയമാക്കി. അതിന്റെ ഫലം ഇന്നറിയാം. ഇനി ഈ കേസില്‍ അബ്ദുല്‍ഖാദറിന്റെ മകന് ഇബ്രാഹിം അര്‍ഷാദ്, ലോറിഡ്രൈവര്‍ എന്നീ പ്രതികളാണ് പിടിയിലാകാനുള്ളത്. ഇവര്‍ക്ക് പുറമെ മറ്റ് അഞ്ചുപേര്‍ക്ക് കൂടി ചന്ദനക്കടത്തുമായി ബന്ധമുണ്ടെന്നാണ് അന്വേഷണത്തില്‍ വിവരം ലഭിച്ചത്. വനംവകുപ്പുദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പോയാല്‍ തുടര്‍ അന്വേഷണം വഴിമുട്ടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനിടെ ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് നാലുപേര്‍ പണം നിക്ഷേപിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. ഇവര്‍ക്കെതിരെയും അന്വേഷണം നടക്കുകയാണ്.