കോവിഡ്: കാസർകോട്ടെ ആദ്യ ഡോമിസിലറി കെയർ സെന്റർ കേന്ദ്ര സർവകലാശാല ക്യാമ്പസിൽ പ്രവർത്തനം ആരംഭിച്ചു
കാസർകോട് :ജില്ലയിലെ ആദ്യത്തെ ഡോമിസിലറി കെയർ സെന്റർ പെരിയ കേന്ദ്ര സർവ്വകലാശാല ക്യാമ്പസ്സിൽ പ്രവർത്തനമാരംഭിച്ചു .പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ .എസ് നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ കളക്ടർ ഡി. സജിത്ത് ബാബു മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കൃഷ്ണൻ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു ടി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വേലായുധൻ ബി വി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര എം, സി എഫ് എൽടിസി നോഡൽ ഓഫീസർ ഡോ റിജിത് കൃഷ്ണ, സാമൂഹിക ആരോഗ്യ കേന്ദ്രം പെരിയ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ ധനേഷ് കെ സി, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ജയൻ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
രോഗലക്ഷണങ്ങൾ ഇല്ലാത്തവരും ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരമുള്ള മതിയായ സൗകര്യങ്ങൾ വീട്ടിൽ ഇല്ലാത്തവരുമായ കോവിഡ് രോഗികളെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനായാണ് ഡോമിസിലറി കെയർ കോവിഡ് സെന്ററുകൾ ആരംഭിച്ചിട്ടുള്ളത്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിലുള്ള ടീം എല്ലാ ദിവസവും രോഗികളുടെ സ്ഥിതിഗതികൾ വിലയിരുത്തുകയും രോഗ ലക്ഷണങ്ങൾ ഉള്ളവരെ തൊട്ടടുത്തുള്ള സി എഫ് എൽ ടി സി കളിലേക്ക് മാറ്റുകയും ചെയ്യും .ഈ കേന്ദ്രത്തിലെ രോഗികൾക്കുള്ള ഭക്ഷണം , ശുചീകരണ തൊഴിലാളികളുടെ നിയമനം എന്നിവ പുല്ലൂർ-പെരിയ ഗ്രാമപഞ്ചായതിന്റെ നേതൃത്വത്തിൽ ആണ് നടക്കുന്നത് . ഒരു പഞ്ചായത്ത് ജീവനക്കാരന് കെയർ സെന്ററിന്റെ ചുമതല നൽകിയിട്ടുണ്ട് . ഡോമിസിലറി കെയർ സെന്റർ പ്രവർത്തനമാരംഭിക്കുന്നതോടെ ജില്ലയിലെ സി എഫ് എൽ ടി സി കളിൽ രോഗികളുടെ ബാഹുല്യം കുറക്കാൻ സാധിക്കുകയും വീട്ടിൽ മതിയായ സൗകര്യങ്ങളില്ലാത്ത രോഗികൾക്ക് വലിയ ആശ്വാസമാകുകയും ചെയ്യും. ജില്ലാ ഭരണകൂടം,ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ കേന്ദ്രം ആരംഭിച്ചത്. ഇത്തരത്തിലുള്ള ഡോമിസിലറി കെയർ സെന്ററുകൾ ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആരംഭിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ . എ വി രാംദാസ് അറിയിച്ചു.