ഐപിഎൽ വാതുവെപ്പിൽ രാജ്യവ്യാപക റെയ്ഡ് , ലക്ഷങ്ങൾ പിടിച്ചെടുത്തു , നൂറിലധികം പേർ പിടിയിൽ
ഡൽഹി : ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപക റെയിഡ്. ഭീകരവിരുദ്ധസേനയുടെയും ലോക്കൽ പൊലീസിന്റെയും നേത്യത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന റെയിഡിൽ നൂറിലധികം പേർ പിടിയിലായി. ഇവരിൽ നിന്നും മൊബൈൽ ഫോണുകളും ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തു
ബെംഗളൂരൂ, ദില്ലി, ജയ്പൂർ, ഹൈദരാബാദ്, മൊഹാലി, ഗോവ, ഉത്തരാഖണ്ഡ് ഉൾപ്പടെ വിവിധയിടങ്ങളിലാണ് റെയ്ഡ് നടന്നത്. ബെംഗൂളൂരുവിൽ 65 പേര് അറസ്റ്റിലായി. 95 ലക്ഷം രൂപയും പിടിച്ചെടുത്തു. മധ്യപ്രദേശിലെ വിവിധയിടങ്ങളിൽ നടന്ന റെയ്ഡിൽ 20 പേർ പിടിയിലായി. ഉത്തരാഖണ്ഡ്, ഹൈദരാബാദ്, രാജസ്ഥാൻ, വിജയവാഡ എന്നിവടങ്ങളിൽ നിന്നും നിരവധി പേര് അറസ്റ്റിലായി. ലക്ഷണക്കിന് രൂപയും ഇവിടങ്ങളിൽ നിന്ന് പിടിച്ചു. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച വൻവാതുവെപ്പ് സംഘവും പൊലീസിന്റെ വലയിൽ കുടുങ്ങി.
ഐപിഎൽ പുതിയ സീസണവുമായി ബന്ധപ്പെട്ടുള്ള വാതുവെപ്പിൽ ആദ്യം റെയ്ഡുകൾ തുടങ്ങിയത് ദില്ലി പൊലീസാണ്. ദില്ലിയിലെ ദേവ്ലി ഗ്രാമത്തില്‍ 17 പേരെ പൊലീസ് പിടികൂടിയിരുന്നു. വാതുവെപ്പ് സംഘങ്ങൾക്ക് വിദേശ ബന്ധങ്ങളുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. താരങ്ങളുമായി നേരിട്ട ബന്ധമുള്ള ആരെയും പിടികൂടിയിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.