ഡോക്ടർമാരെ കിട്ടാനില്ല,
ടാറ്റ കോവിഡ് ആശുപത്രി വൈകുന്നതിന് കാരണങ്ങൾ
നിരത്തി അധികൃതർ
കാസർകോട് : തെക്കിൽ ഗ്രാമത്തിൽ ചട്ടഞ്ചാലിൽ ടാറ്റാ ഗ്രൂപ്പ് നിർമിച്ചു നൽകിയ ആസ്പത്രി പ്രവർത്തനസജ്ജമാക്കാൻ ജില്ലാ ഭരണകൂടം തീവ്ര ശ്രമത്തിൽ. കോവിഡ് ബാധിച്ച് ജില്ലയിൽ ഓരോ ദിവസവും കൂടുതൽ രോഗികൾ മരിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് കേന്ദ്രം ഭാഗികമായി പ്രവർത്തന സജ്ജമാക്കാനാണ് സർക്കാർ നീക്കം.എന്നാൽ ഡോക്ടർമാരെ കിട്ടാനില്ലാത്തത് വലിയ ചോദ്യചിന്ഹ മായി മാറിക്കഴിഞ്ഞു.ഡോക്ടർമാരല്ലാത്ത ജീവനക്കാരെ ലഭ്യമാണെന്നും ആരോഗ്യ വകുപ്പ് പറയുന്നുണ്ട്. ഇത് സംബന്ധിച്ച എല്ലാ തൽസ്ഥിതി വിവരങ്ങളും ഡി എം ഒ ഓഫീസിൽ നിന്ന് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. 541 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യത്തോടെയാണ് ചട്ടഞ്ചാലിൽ പ്രീ ഫാബ് കെട്ടിടം പൂർത്തിയായത്.
നിലവിൽ മൂന്ന് കോടിയുടെ ഉപകരണങ്ങൾ സ്ഥാ പിച്ചാലെ ഭാഗികമായി പ്രവർത്തനം തുടങ്ങാനാകൂ.
വെന്റിലേറ്റർ ആറെണ്ണമെങ്കിലും വേണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശിച്ചത്. ഇതിൽ നാലെണ്ണം ആരോഗ്യ വകുപ്പിന്റെ കൈയിലുണ്ട്. രണ്ടെണ്ണം വാങ്ങിയാൽ മതി. മറ്റുള്ള ഉപകരണങ്ങളുടെ നീണ്ട പട്ടിക ജില്ലാ മെഡിക്കൽ ഓഫീസർ കളക്ടർക്ക് കൈമാറിയിട്ടുണ്ട്. കളക്ടറുടെ ദുരന്തനിവാരണ ഫണ്ടിൽനിന്ന് ഇത്രയും തുക എടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതിന് ചീഫ് സെക്രട്ടറിയുടെ അനുമതി വേണം. ഈ അനുമതിക്കായി കാത്തിരിക്കുകയാണ് ജില്ലാ കളക്ടർ.
അതിനിടെ തെക്കിലിലെ ടാറ്റാ ആസ്പത്രി പ്രവർത്തനസജ്ജമാക്കണമെന്ന് കാഞ്ഞങ്ങാട്ട് നടന്ന കർമസമിതി രൂപവത്കരണ യോഗം ആവശ്യപ്പെട്ടു. ജില്ലാ ആസ്പത്രിയെ കോവിഡ് ആസ്പത്രിയാക്കുകയല്ല, മറിച്ച് ചട്ടഞ്ചാൽ കെട്ടിടം കോവിഡ് ആസ്പത്രിയാക്കുകയാണ് വേണ്ടതെന്ന് കർമസമിതി യോഗം നിർദേശിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് യോഗം ഉദ്ഘാടനം ചെയ്തു
പ്രതിഷേധ സൂചകമായി 19-ന് ജില്ലാ ആസ്പത്രിക്കുമുന്നിൽ സത്യാഗ്രഹം നടത്താനും യോഗം തീരുമാനിച്ചു.
സി.യൂസഫ് ഹാജി അധ്യക്ഷതവഹിച്ചു. അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, ടി.മുഹമ്മദ് അസ്ലം, മുനീസ അമ്പലത്തറ, സി.എ.പീറ്റർ എന്നിവർ സംബന്ധിച്ചു.