സംസ്ഥാനത്തെ സ്കൂളുകളിൽ വേനലവധി റദ്ദാക്കി ക്ലാസുകള്‍ പൂര്‍ത്തിയാക്കും വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് സർക്കാരിന് മുമ്പിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ വിദഗ്ദ്ധ സമിതി ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. സമിതി തലവന്‍ ജെ.പ്രസാദാണ് മന്ത്രി സി.രവീന്ദ്രനാഥിന് റിപ്പോര്‍ട്ട് നല്‍കുക. ഉടന്‍ സ്കൂളുകള്‍ തുറക്കേണ്ടയെന്ന നിഗമനത്തിലാണ് വിദഗ്ദ്ധ സമിതി എത്തിച്ചേര്‍ന്നത് എന്നാണ് വിലയിരുത്തല്‍. ഈ മാസമോ അടുത്ത മാസമോ സ്കൂള്‍ തുറക്കാന്‍ പറയാന്‍ സാദ്ധ്യതയില്ല.അദ്ധ്യായന വര്‍ഷം പൂര്‍ണമായും ഇല്ലാതാകുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിക്കാതെ ജനുവരിക്ക് ശേഷം വേനലവധി അടക്കം റദ്ദാക്കി ക്ലാസുകള്‍ പൂര്‍ത്തിയാക്കാമെന്ന ശുപാര്‍ശയാണ് വിദഗ്ദ്ധ സമിതി സര്‍ക്കാരിന് സമര്‍പ്പിക്കുകയെന്നാണ് വിവരം. സ്കൂള്‍ തുറന്നാല്‍ ആദ്യം 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ക്ലാസിലെത്തിക്കാനാണ് നിര്‍ദേശം. പിന്നീട് 9,11 ക്ലാസ് വിദ്യാര്‍ത്ഥികളെ എത്തിക്കുകയും തുടര്‍ന്ന് സാഹചര്യം അനുകൂലമാകുമ്പോള്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ ക്ലാസുകള്‍ നടത്തുകയും ചെയ്യാമെന്നാണ് നിലവിലെ നിര്‍ദേശം.പല ഘട്ടങ്ങളായി അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വന്നപ്പോഴും സ്കൂളുകള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഒടുവില്‍ വന്ന അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങളില്‍ ഈ മാസം 15 മുതല്‍ ഘട്ടം ഘട്ടമായി സ്കൂളുകള്‍ തുറക്കമാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങള്‍ക്കും ഇതിനോട് താത്പര്യമില്ല.