തിരുവനന്തപുരം -കാസർകോട് അര്‍ധ അതിവേഗ റെയില്‍പാതയ്ക്ക് കേന്ദ്ര അനുമതി ഉടൻ, പദ്ധതി ചിലവ്
63, 941കോടി രൂപ, നിർമാണം അഞ്ചു കൊല്ലം കൊണ്ട്.
തിരുവനന്തപുരം : നിർദിഷ്ട അർധ അതിവേഗ റെയിൽപാതയ്ക്ക് (സിൽവർ ലൈൻ) കേന്ദ്രാനുമതി ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷ. പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നും വിശദപദ്ധതി റിപ്പോർട്ട് (ഡിപിആർ) പരിശോധിക്കുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. അനുമതി അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തിനുള്ള മറുപടിയിലാണ് ഈ വിവരം. ഡിപിആർ അംഗീകരിച്ചുള്ള അനുമതി ഉടൻ ലഭ്യമാക്കാമെന്നും അറിയിച്ചു. സിൽവർലൈൻ പ്രായോഗികമാണെന്നാണ് റെയിൽവെയുടെ വിലയിരുത്തൽ.
പദ്ധതി അംഗീകാരത്തിനായി മന്ത്രി ജി സുധാകരന്റെ നിർദേശപ്രകാരം കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ- റെയിൽ) എംഡി വി അജിത്കുമാർ ഡൽഹിയിൽ ക്യാമ്പ് ചെയ്ത് റെയിൽമന്ത്രാലയവുമായും റെയിൽവെ ബോർഡ് ഉന്നതാധികൃതരുമായും ബന്ധപ്പെടുന്നുണ്ട്. സ്ഥലം ഏറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുന്നു. കെ- റെയിൽ ഡിപിആർ സംസ്ഥാന മന്ത്രിസഭ നേരത്തേ അംഗീകരിച്ചിരുന്നു.
തിരുവനന്തപുരം മുതൽ തിരൂർവരെ ഇപ്പോഴത്തെ റെയിൽപ്പാതയിൽനിന്ന് മാറിയും തിരൂരിൽനിന്ന് കാസർകോട്ടുവരെ ഇപ്പോഴത്തെ റെയിൽപാതയ്ക്ക് സമാന്തരമായുമാണ് സിൽവർ ലൈൻ നിർമിക്കുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ. പദ്ധതിച്ചെലവ് 63,941 കോടി രൂപ. മണിക്കൂറിൽ 200 കിലോമീറ്റർവരെ വേഗം. ജനങ്ങളെ പൂർണമായി വിശ്വാസത്തിലെടുത്തായിരിക്കും പദ്ധതി നടപ്പാക്കുക. സിൽവർ ലൈൻ യാഥാർഥ്യമാകുമ്പോൾ തിരുവനന്തപുരത്തുനിന്ന് 11 ജില്ലയിലൂടെ 529.45 കിലോമീറ്റർ നാലുമണിക്കൂർകൊണ്ട് പിന്നിട്ട് കാസർകോട്ടെത്താം. നിർമാണം ആരംഭിച്ച് അഞ്ചുവർഷകൊണ്ട് പൂർത്തിയാക്കും.