ഛത്തീസ്ഗഡിൽ ദുരഭിമാനക്കൊല; കമിതാക്കളെ വിഷം കൊടുത്ത് കൊന്ന് മൃതദേഹം കത്തിച്ചു ചാമ്പലാക്കി.
ദുര്‍ഗ്: ചത്തീസ്ഗഢില്‍ ദുരഭിമാനക്കൊല. ബന്ധുക്കള്‍ കൂടിയായ കമിതാക്കളെ കുടുംബാംഗങ്ങള്‍ വിഷം നല്കി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. കൃഷ്ണനഗര്‍ സ്വദേശികളായ ശ്രീഹരി, ഐശ്വര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇരുവരുടേയും അമ്മാവനായ രാമു, ഐശ്വര്യയുടെ സഹോദരന് ചരണ്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ശ്രീഹരിയും ഐശ്വര്യയും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്നെങ്കിലും വീട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്ന് ഇരുവരും കഴിഞ്ഞമാസം ഒളിച്ചോടി. ഇതേ തുടര്‍ന്ന് ഇരുവരേയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ദുര്‍ഗ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ചെന്നൈയില്‍ ഉളളതായി കണ്ടെത്തി. ഒരു സംഘം പോലീസ് സ്ഥലത്തെത്തി ഒക്ടോബര്‍ ഏഴിന് ഇവരെ തിരികെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരികയും നിയമനടപടികള്‍ക്ക് ശേഷം ബന്ധുക്കളുടെ കൂടെ വിടുകയും ചെയ്തു.
ശനിയാഴ്ച രാത്രി, ഇവരുടെ വീടുകളില്‍ എന്തോ അസ്വാഭാവികമായി നടക്കുന്നത് വീടിന് സമീപത്ത് പട്രോളിങ് നടത്തിയിരുന്ന പോലീസ് സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് ശ്രീഹരിയേയും ഐശ്വര്യയെയും വിഷം നല്കി കൊലപ്പെടുത്തിയതായി അമ്മാവന് രാമുവും പെണ്‍കുട്ടിയുടെ സഹോദരന് ചരണും വെളിപ്പെടുത്തുന്നത്.
മൃതദേഹങ്ങള്‍ സുപേലയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ജെവ്ര സിര്‍സ ഗ്രാമത്തിനടുത്തുള്ള ശിവ്നാഥ് നദീതീരത്ത് കത്തിച്ചതായും പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
പോലീസ് നടത്തിയ തിരച്ചലില്‍ പാതികത്തിയ നിലയിലുളള മൃതദേഹങ്ങള്‍ കണ്ടെത്തി. പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഭിലായ് നഗര്‍ സി.എസ്.പി. അജിത് യാദവ് പറഞ്ഞു.