തൃശ്ശൂരില്‍ നാലംഗ സംഘം കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു
തൃശ്ശൂര്‍: അന്തിക്കാട് മാങ്ങാട്ടുകരയില്‍ കൊലക്കേസ് പ്രതിയെ ഒരു സംഘം വെട്ടിക്കൊന്നു. അന്തിക്കാട് ആദര്‍ശ് വധക്കേസിലെ പ്രതി മുറ്റിച്ചൂര്‍ സ്വദേശി നിധിനെ(28)യാണ് കാറില്‍നിന്ന് വിളിച്ചിറക്കിയ ശേഷം വെട്ടിക്കൊന്നത്. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
നിധിന് സഞ്ചരിച്ച കാറില്‍ അക്രമിസംഘം ആദ്യം മറ്റൊരു വാഹനം ഇടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിധിനെ കാറില്‍നിന്ന് വിളിച്ചിറക്കിയ ശേഷം റോഡിലിട്ട് വെട്ടിവീഴ്ത്തി. ഇതിനുശേഷം മറ്റൊരു കാറില്‍ അക്രമികള്‍ രക്ഷപ്പെട്ടതായാണ് വിവരം.
2020 ജൂലായിലാണ് അന്തിക്കാട് താന്ന്യം സ്വദേശി ആദര്‍ശ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയായിരുന്നു കൊലപാതകത്തിന്റെ കാരണം. ഈ കേസിലെ എട്ടാം പ്രതിയായിരുന്നു നിധിന്. ആദര്‍ശിനെ കൊലപ്പെടുത്തിയവരെ രക്ഷിക്കാന്‍ ശ്രമിച്ചതും ഒളിവില്‍ കഴിയാന്‍ സഹായിച്ചതുമായിരുന്നു നിധിനെതിരേയുള്ള കുറ്റം.