എടുക്കാൻ പറ്റാത്ത കാരൃം, സഹായിക്കായിക്കുന്നവരെ വിരട്ടുന്നു. കൊവിഡ് പ്രതിരോധത്തിലെ സർക്കാർ പാളിച്ചകൾ ചൂണ്ടിക്കാട്ടി ഡോ.എസ്.എസ് ലാൽ
തിരുവനന്തപുരം: രോഗികൾ കൂടുന്നതിന് അനുസരിച്ച് ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താൻ സംസ്ഥാനത്തിന് കഴിയാതെ പോയെന്ന് ലോകാരോഗ്യസംഘടനയുടെ ആരോഗ്യസമിതി വൈസ് ചെയർമാനും പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഡോ.എസ്.എസ് ലാൽ ‘ഫ്ളാഷി’നോട്.ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താത്തത് കൊണ്ടാണ് രോഗിയെ പുഴുവരിക്കുന്നതും നവജാത ശിശുക്കൾ മരിക്കുന്നതും ഉൾപ്പെടെയുളള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. രോഗികൾ കൂടുമെന്ന് അറിയാമായിരുന്നിട്ടും സർക്കാർ അതിനുളള തയ്യാറെടുപ്പ് നടത്തിയില്ല. അമിതമായ ആത്മവിശ്വാസം സർക്കാരിന് ഉണ്ടാവുകയും അത് ജനങ്ങളിലേക്ക് പടർത്തുകയും ചെയ്തു. നിപ്പ വന്നപ്പോൾ വൈറസിനെ വിരട്ടിയോടിച്ചുവെന്നായിരുന്നു അതിന് കാരണമായുളള സർക്കാരിന്റെ പ്രചാരണം. നിപ്പ എല്ലായിടത്തും അങ്ങനെയാണ്. അത് വളരെ കുറച്ച് പേർക്കെ വരാറുളളൂ. വന്നവരിൽ നല്ലൊരു ശതമാനം മരിക്കുകയും ചെയ്യും. കേരളത്തിലും അതാണ് സംഭവിച്ചത്. കേരളത്തിൽ എഴുപത് മുതൽ എൺപത് ശതമാനം വരെ ഡോക്ടർമാരും നഴ്സുമാരും സ്വകാര്യ മേഖലയിലാണ്. എന്നാൽ തുടക്കത്തിൽ സ്വകാര്യ മേഖലയെ മാറ്റി നിർത്തികൊണ്ട് കൊവിഡിനെ നേരിടാനാണ് സർക്കാർ ശ്രമിച്ചത്. അവിടെ സജ്ജീകരണങ്ങളുണ്ടായാൽ ഷൈൻ ചെയ്യാനാകില്ലെന്ന് സർക്കാർ കരുതിയെന്നും ഡോ. ലാൽ കുറ്റപ്പെടുത്തി.ആവശ്യത്തിന് ജീവനക്കാരില്ലതിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരം സ്റ്റാഫുകളെ വേണമെന്ന് സൂപ്രണ്ട് എഴുതി കൊടുത്തിട്ട് മാസം മൂന്നായി. രണ്ട് കത്താണ് ഇതു സംബന്ധിച്ച് സർക്കാരിന് നൽകിയത്. എന്നാൽ മറുപടി പോലും നൽകിയില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 700 കൊവിഡ് രോഗികളും 800 കൊവിഡ് ഇതര രോഗികളുമുണ്ട്. ഇപ്പോഴത്തെ സാഹചര്യം കൈകാര്യം ചെയ്യാൻ മെഡിക്കൽ കോളേജിൽ 1700 ജീവനക്കാർ അധികം വേണം. പ്രായം കൂടിയതും അസുഖങ്ങളുളളവരുമായ ഡോക്ടർമാരെ മാറ്റി നിർത്തിയിരിക്കുകയാണ്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാരായ നഴ്സുമാർ ഡോക്ടർമാർ എന്നിവരെയും മാറ്റിനിർത്തിയിരിക്കുകയാണ്. ജീവനക്കാരുടെ എണ്ണം കുറവും രോഗികളുടെ എണ്ണം കൂടുതലുമാണ്. കൂട്ടിരിപ്പുകാരെ ഒഴിവാക്കിയിരിക്കുകയുമാണ്. നിയമനങ്ങൾ ഉൾപ്പടെ നടത്താതെയുളള സർക്കാരിന്റെ അനാസ്ഥയാണ് എല്ലാ പാളിച്ചകൾക്കും കാരണം.സർക്കാരിന്റെ എടുത്തുചാട്ടംകൊവിഡ് പ്രതിരോധത്തെ സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. കൊവിഡിനെപ്പറ്റി പറയേണ്ട വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി അതിനെപ്പറ്റി മാത്രം പറയണം. രാഷ്ട്രീയം പറയാൻ വേറെ വാർത്താ സമ്മേളനം വിളിക്കണം. ടെസ്റ്റുകളുടെ എണ്ണം കുറവാണ്. അതിന് ഒരു കാരണം രോഗികൾ പേടിച്ച് വരാത്തതാണ്. ടെസ്റ്റ് ചെയ്ത് പോസിറ്റീവായവനെ പിടിക്കാനും അവനെ നിരീക്ഷിക്കാനും പൊലീസാണ് വരുന്നത്. സർക്കാരിന്റെ പാളിച്ചകൾ ചൂണ്ടിക്കാട്ടുന്നവരെയെല്ലാം മോശക്കാരാക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഒരു കുറ്റവും ചെയ്യാത്ത ഡോക്ടറെയാണ് സസ്പെൻഡ് ചെയ്തത്. തെറ്റ് ചെയ്ത ഡോക്ടറായിരുന്നെങ്കിൽ മറ്റുളളവർ പിന്തുണയ്ക്കില്ലായിരുന്നു. ഇപ്പോൾ ആ ഡോക്ടറെ തിരിച്ചെടുത്തു. ഇതെല്ലാം എടുത്തുചാടിയുളള തീരുമാനങ്ങളായിരുന്നു.കമ്മ്യൂണിക്കേഷനിലെ പാളിച്ചകൊവിഡ് പ്രതിരോധത്തിന് സർക്കാരിന് വ്യക്തമായൊരു നയമില്ല. വാക്സിൻ ഇല്ലാത്ത രോഗത്തെ നിയന്ത്രിക്കാൻ നമ്മുക്ക് പ്രധാനമായും വേണ്ടത് കമ്മ്യൂണിക്കേഷനാണ്. രാവിലെ ഡോ.മുഹമ്മദ് അഷീൽ വന്ന് എന്തെങ്കിലും പറയും, ഡോ.ശ്രീജിത്ത് ഒരു വീഡിയോ ഇടും, എനിക്കും വേണമെങ്കിൽ ഒരു വീഡിയോ ഇടാം, ഉച്ചയാകുമ്പോൾ ആരോഗ്യമന്ത്രി വരും. വൈകുന്നേരം മുഖ്യമന്ത്രി എന്തെങ്കിലും പറയും. രാത്രിയാകുമ്പോൾ പ്രതിപക്ഷ നേതാവ് ഇതെല്ലാം തെറ്റാണെന്ന് പറയും. പിറ്റേദിവസം രാവിലെയാകുമ്പോൾ മുഖ്യമന്ത്രി ഇതെല്ലാം തിരുത്തും. ഇത് തെറ്റായ കമ്മ്യൂണിക്കേഷനാണ്.ഞാനും ഒരു ഇരകൊവിഡ് ഇതര രോഗികൾക്ക് ചികിത്സ കിട്ടാതെ പോയതിന്റെ വ്യക്തിപരമായ ഇരയാണ് ഞാൻ. അമേരിക്കയിൽ നിന്ന് വന്ന ഞാൻ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുമ്പോൾ വൈകുന്നേരം വീട്ടിൽ ഉറങ്ങാൻ കിടന്ന എന്റെ അമ്മ എഴുന്നേൽക്കുന്നില്ലെന്ന് ജോലിക്കാർ പറഞ്ഞ് അറിഞ്ഞു. ഞാൻ പരിചയമുളള ഡോക്ടർമാരെ പലരെ വിളിച്ചപ്പോഴും അവർക്ക് അമ്മയെ വന്ന് നോക്കാൻ പേടി. മെഡിക്കൽ കോളേജിൽ വിളിച്ചപ്പോൾ പറയുന്നത് ആരേയും ഇങ്ങോട്ട് കൊണ്ടുവരരുത് ഇവിടെ മുഴുവൻ കൊവിഡ് ആണെന്നാണ്. അവസാനം എങ്ങനെയെങ്കിലും ഒരു സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് വിളിപ്പിച്ച് അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയി. കോമ സ്റ്റേജിലായ അമ്മയെ രാത്രി തന്നെ അവർ തിരിച്ച് പറഞ്ഞയച്ചു. മൂന്ന് ദിവസം കഴിഞ്ഞ് ഞാൻ തന്നെ ആംബുലൻസ് വരുത്തിപ്പിച്ച് അമ്മയെ അഡ്മിറ്റ് ചെയ്യിപ്പിച്ചു. തമാശയും പറഞ്ഞു നടന്ന എന്റെ അമ്മ ചലനമറ്റ് കിടക്കുകയാണ്. ശരീരത്തിലെ പഞ്ചസാര കുറഞ്ഞുപോയതായിരുന്നു കാരണം. അല്ലാതെ അമ്മയ്ക്ക് ഒന്നുമില്ലായിരുന്നു. ഇതുപോലെ ഒരുപാട് പേർ ഈ കൊവിഡ് കാലത്ത് മരിച്ച് പോകുന്നുണ്ട്. സർക്കാരിനോടുളള ദേഷ്യം കൊണ്ടല്ല ഞാൻ ഇതൊക്കെ പറയുന്നത്. എന്റെ അമ്മ എന്നെ പോലും തിരിച്ചറിയാനാവാതെ കിടക്കുകയാണ്.എങ്ങനെ കരകയറാം?കൊവിഡ് പ്രതിരോധത്തിൽ നിന്ന് കരകയറാൻ എതിർക്കുന്നവരെയൊക്കെ ഓടിക്കാതെ എല്ലാവരെയും ഒരുമിച്ച് നിർത്താൻ സർക്കാരിന് കഴിയണം. ഐ.എം.എയെ എങ്ങനെ ഒപ്പം കൂട്ടാമെന്ന് നോക്കുന്നതിന് പകരം അതൊരു ശാസ്ത്ര സംഘടനയല്ലെന്ന് തെളിയിക്കാൻ നടക്കുകയാണ് സർക്കാർ. നമുക്ക് പൊക്കാൻ പറ്റാത്ത ഒരു കട്ടിൽ പൊക്കുമ്പോൾ അടുത്ത് നിൽക്കുന്നത് ശത്രു ആണെങ്കിലും സഹായിക്കാൻ നമ്മൾ ആവശ്യപ്പെടും. ഇത് എടുക്കാൻ പറ്റാത്ത ഭാരം പൊക്കാൻ സഹായിക്കാൻ വരുന്നവനെ വിരട്ടി ഓടിക്കുകയാണ്. കൊവിഡ് വന്ന് ഒമ്പത് മാസമായിട്ടും ആരാ ആരോഗ്യ വകുപ്പ് ഡയറക്ടർ എന്ന് നമ്മൾ കണ്ടിട്ടില്ല. അവരെ പോലും സർക്കാർ ഒതുക്കി ഇരുത്തിയിരിക്കുകയാണ്. കൊവിഡ് പ്രതിരോധത്തിനായുളള സർക്കാരിന്റെ കമ്മിറ്റിയുടെ ചെയർമാൻ ഡോ. ഇക്ബാലാണ്. അദ്ദേഹമൊരു പൊതുജനാരോഗ്യ വിദഗ്ദ്ധനല്ലെന്ന് അദ്ദേഹം തന്നെ പറയുന്നു. കുറച്ചു പേർ ആ കമ്മിറ്റിയിലുണ്ട്. അത് സി.പി.എമ്മുകാരെ മാത്രം തിരുകി കയറ്റി വച്ചിരിക്കുകയാണ്.