കഞ്ചാവ് കേസിലെ പ്രതിയുടെ മരണം ക്രൂര മര്‍ദ്ദനം മൂലം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തൃശൂര്‍: കസ്റ്റഡിയിലിരിക്കെ മരിച്ച കഞ്ചാവു കേസിലെ പ്രതിയുടെ ശരീരത്തില്‍ നാല്പതിലേറെ മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പുത്തന്‍ വീട്ടില്‍ ഷെമീറാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍വച്ച് മരിച്ചത്. ഇയാളുടെ വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ട്.നെഞ്ചില്‍ ഏഴിടത്തു മര്‍ദ്ദനം ഏറ്റിട്ടുണ്ട്. ദേഹമാസകലം രക്തം കട്ടപിടിച്ചിരിക്കുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്ത് ചൂരലോ ലാത്തിയോ ഉപയോഗിച്ചു തുടര്‍ച്ചയായി മര്‍ദ്ദിച്ചതിന്റെ ഫലമായി പൊട്ടി രക്തം വാര്‍ന്നൊലിച്ചിരുന്നു. ഈ മാസം ഒന്നിനാണ് ഷെമീര്‍ മരിച്ചത്.
സെപ്തംബര്‍ 29നാണ് 10 കിലോ കഞ്ചാവുമായി ഷെമീറിനെയും ഭാര്യയെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. വിയ്യൂര്‍ ജയിലിന്റെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന പ്രതി കഞ്ചാവ് കിട്ടാതെ വന്നപ്പോള്‍ അക്രമാസക്തനായെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. അബോധാവസ്ഥയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തൊട്ടടുത്ത ദിവസം മരിച്ചു.