രണ്ടര കോടിയുടെ ചന്ദനവേട്ട. അറസ്റ്റിലായ മുഖ്യപ്രതിയുടെ മൊഴി നീളുന്നത് ‘ കാസർകോട്ടെ
പ്രമുഖരിലേക്ക്
കാസർകോട്: വിദ്യാനഗറിൽ ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിക്ക് സമീപത്തെ വീട്ടിൽ നിന്ന് രണ്ടുകോടിയോളം രൂപയുടെ ചന്ദനമുട്ടികൾ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുഖ്യപ്രതി കൈമാറിയത് ചന്ദനക്കടത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന മൊഴികൾ.മൊഴികൾ പറയുന്ന വിവരങ്ങൾ ചെന്നെത്തുന്നത് കാസർകോട്ടെ ചില പ്രമുഖ രിലേക്കെന്നും സൂചനയുണ്ട്. ഗൾഫിൽ നിന്നുള്ള സ്വർണക്കടത്തിന് സമാനമായ അദൃശ്യ കണ്ണികളാണ് ചന്ദന കടത്ത് നിയന്ത്രിക്കുന്നത്. അതേസമയം സംസ്ഥാന ചരിത്രത്തിലെ ഈ വൻ വേട്ടയെ സംബന്ധിച്ച് കേന്ദ്രം ഏജൻസികളായ ഐ ബി യും ഐ ടി യും ഇ ഡി യും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഒളിവിൽ കഴിയുകയായിരുന്ന കാസർകോട് തായൽ നായൻമാർമൂലയിലെ അബ്ദുൽഖാദറിനെ (60) യാണ് വനംവകുപ്പ് കാസർകോട് റേഞ്ച് ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് അറസ്റ്റുചെയ്തത്.കാട്ടിൽ കയറി അനധികൃതമായി ചന്ദനമരം കളവ് ചെയ്തു കൊണ്ടുവന്ന് സൂക്ഷിച്ച ശേഷം തൈലം ഉണ്ടാക്കി വില്പന നടത്തുന്നതിന് കടത്താൻ ശ്രമിച്ചുവെന്ന കുറ്റമാണ് ഇയാളുടെ പേരിൽ വനംവകുപ്പ് ചുമത്തിയത്. ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാവിലെ കളക്ടറുടെ വീടിന് സമീപമുള്ള ഇയാളുടെ ചന്ദന കടത്ത് കേന്ദ്രത്തിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. തൊണ്ടിമുതലുകൾ തങ്ങൾ കടത്തിയത് തന്നെയെന്ന് സമ്മതിച്ചു. ചന്ദന കള്ളന്മാർ നായന്മാർമൂല, ചെങ്കള ഭാഗത്തുള്ളവർ തന്നെയാണെന്ന് ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി വൈകീട്ട് ഇയാളെ കോടതിയിൽ ഹാജരാക്കി.കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന അബ്ദുൽ ഖാദർ അസുഖം ഭേദമായതിന് ശേഷമാണ് വീടിന്റെ രഹസ്യ അറയിൽ ലോക്ക്ഡൗണിന്റെ മറവിൽ കടത്തികൊണ്ടുവന്ന് സൂക്ഷിച്ച ചന്ദനമുട്ടികൾ കടത്താൻ ശ്രമിച്ചത്. രോഗി ആയതിനാൽ തുടർച്ചയായി ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. മധ്യപ്രദേശിലും ഗോവയിലുമുള്ള ചന്ദന ഫാക്ടറിയിൽ പാർട്ണർഷിപ്പുള്ള അബ്ദുൽ ഖാദറും ഒളിവിൽ കഴിയുന്ന മകൻ ഇബ്രാഹിം അർഷാദും ചന്ദന മാഫിയ സംഘത്തിലെ പ്രധാനികളാണ്. ഒന്നരക്കൊല്ലമായി ഇവ പ്രവർത്തിക്കുന്നില്ലെന്ന് ഇയാൾ മൊഴി നൽകിയെങ്കിലും അത് കളവാണെന്ന് വനംവകുപ്പ് അന്വേഷണത്തിൽ വ്യക്തമായി.കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ കാട്ടിനുള്ളിൽ നിന്നും പലരിലൂടെയും ശേഖരിച്ചു കൊണ്ടുവന്നതാണ് ചന്ദനമെന്ന് അബ്ദുൽ ഖാദർ മൊഴി നൽകി. ആറിന് പുലർച്ചെ ലോറിയിൽ കടത്താൻ ശ്രമിച്ച സംഘത്തിൽ അഞ്ചുപേരുണ്ടായിരുന്നു. ശൃംഖലയിലെ ആറുപേരുടെ വിവരങ്ങൾ കൂടി അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അബ്ദുൾഖാദറിന്റെ വീട്ടിനകത്ത് നിന്നും പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്നും രണ്ട് കാറുകളിൽ നിന്നുമായി 885.56 കിലോ ചന്ദനമുട്ടികളാണ് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു, ഗൺമാൻ ദിലീഷ് , ഡ്രൈവർ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത് .