കാസര്‍കോട്: ദീര്‍ഘകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് കാസര്‍കോടിന്റെ സാമൂഹിക രംഗത്ത് നിറസാന്നിധ്യമാണ് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയര്‍മാനുമായ എം.സി ഖമറുദ്ദീന്. അതുകൊണ്ടു തന്നെ ചെര്‍ക്കളം അബ്ദുള്ളയുടെയും പി.ബി അബ്ദുല്‍ റസാഖിന്റെയും ഓര്‍മകള്‍ തുടിക്കുന്ന മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ വര്‍ധിത ജനപിന്തുണയാണ് എം.സി ഖമറുദ്ദീന് പ്രതീക്ഷിക്കുന്നത്.1970കാലഘട്ടത്തില്‍ എം.എസ്.എഫിലൂടെ കടന്നുവന്ന എം.സി ഖമറുദ്ദീന് കാസര്‍കോടിന്റെ സാമൂഹിക രംഗത്ത് നിറസാന്നിധ്യമായി മാറുകയായിരുന്നു. പടന്ന എം.ആര്.വി.എച്ച്.എസ്.എസില്‍ പഠിക്കുമ്പോഴാണ് എം.എസ്.എഫ് പ്രവര്‍ത്തകനായി രാഷ്ട്രീയത്തിലേക്കുള്ള കടന്നുകയറ്റം. 1980- 81 വര്‍ഷത്തില്‍ തളിപ്പറമ്പ് സര് സയ്യിദ് കോളജില്‍ പഠിക്കുമ്പോള്‍ ചീഫ് സ്റ്റുഡന്റ് എഡിറ്ററായിരുന്നു. പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് എക്സിക്യൂട്ടീവ് മെമ്പര്‍, അവിഭക്ത കണ്ണൂര്‍ ജില്ലാ എം.എസ്.എഫ് പ്രസിഡന്റ്, യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ്, യു.ഡി.എഫ് ജില്ലാ ചെയര്മാന് എന്നീ പദവികള്‍ വഹിക്കുന്നു.
തൃക്കരിപ്പൂര്‍ ഡിവിഷനില്‍ നിന്നും വിജയിച്ച് 1995 മുതല്‍ 2000വരെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. കുമ്പള ഡിവിഷനില്‍ നിന്നും വിജയിച്ച് 2005മുതല്‍ 2010വരെ ജില്ലാ പഞ്ചായത്ത് അംഗവും കുടിയായിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് മലബാര്‍ സിമന്റ്സ് ഡയറക്ടര്‍, കരകൗശല വികസന കോര്പറേഷന് ചെയര്മാന് സ്ഥാനങ്ങളും വഹിച്ചിരുന്നു. മികച്ച പ്രാസംഗികനും കൂടിയായ എം.സി ഖമറുദ്ദീന് ഒരു കാലത്ത് രാഷ്്ട്രീയ വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു. പടന്ന എടച്ചാക്കൈയിലെ പരേതനായ എ.സി മുഹമ്മദ് കുഞ്ഞി ഹാജിയുടെയും എം.സി മറിയുമ്മയുടെയും മകനാണ്. വിദ്യാഭാസ യോഗ്യത: ബി.എ ഭാര്യ: എം.ബി. റംലത്ത്. ഡോ. മുഹമ്മദ് മിദ്ലാജ്, മുഹമ്മദ് മിന്‍ഹാജ്, മറിയമ്പി, മിന്ഹത്ത്. എന്നിവര്‍ മക്കളാണ്.