ബേക്കലത്തെ മത്സ്യതൊഴിലാളി കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍, തലയിലും മുഖത്തും പരിക്ക് മരണത്തില്‍ ദുരൂഹത
ബേക്കല്‍: ബേക്കല്‍ സ്വദേശിയായ മത്സ്യതൊഴിലാളിയെ ദുരൂഹസാഹചര്യത്തില്‍ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ബീച്ച് റോഡ് രാമഗുരുനഗറിലെ കാരിക്കാരണവര്‍-വള്ളി ദമ്പതികളുടെ മകന് സുധാകരനെ(32)യാണ് ഇന്നലെ രാത്രി പൂച്ചക്കാട്
പള്ളിക്ക് സമീപം പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് പിറകിലെ പുല്‍ക്കൂട്ടത്തിനിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മത്സ്യബന്ധനത്തിന് പോയി തിരിച്ചെത്തിയ സുധാകരന് പിന്നീട് പുറത്തേക്ക് പോയതായിരുന്നു. സുധാകരന് തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയ വിവരമറിഞ്ഞത്. മത്സ്യബന്ധനത്തിന് പോയ സമയത്ത് ധരിച്ചിരുന്ന അതേ വേഷത്തോടെയാണ് മരിച്ച നിലയില്‍ കണ്ടത്. തലയിലും മുഖത്തും പരിക്കുകള്‍ കാണപ്പെട്ടതിനാല്‍ മരണത്തില്‍ സംശയമുയര്‍ന്നിട്ടുണ്ട്. ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. സഹോദരങ്ങള്‍: മണി, ചിത്ര, സാവിത്രി.