വി. മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതി; പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി
മറുപടി ഇല്ലാതെ ബി ജെ പി.
ന്യൂദല്‍ഹി: അബുദാബിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പി.ആര് ഏജന്റും മഹിളാ മോര്‍ച്ചാ സെക്രട്ടറിയുമായ സ്മിത മേനോനെ കേന്ദ്രമന്ത്രി വി. മുരളീധരന് പങ്കെടുപ്പിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. വിദേശകാര്യമന്ത്രാലയത്തോടാണ് റിപ്പോര്‍ട്ട് തേടിയത്.
നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി പങ്കജ് മിശ്രക്ക് ഈ പരാതി കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി അരുണ്‍ പി ചാറ്റര്‍ജിയില്‍ നിന്നും ഓഫീസ് വിശദീകരണം തേടിയത്. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ പ്രധാനമന്ത്രിക്ക് നല്കിയ പരാതിയാണ് നടപടി.
അബുദാബി മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മഹിളാ മോര്‍ച്ച നേതാവ് സ്മിത മേനോന് വി. മുരളീധരന് അനുമതി നല്‍കിയത് വിദേശകാര്യ മന്ത്രാലയത്തിത്തിന്റെ വ്യവസ്ഥാപിത ചട്ടങ്ങള്‍ ലംഘിച്ചാണെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
മാധ്യമപ്രതിനിധികളെ വിദേശത്ത് നടക്കുന്ന മന്ത്രിതല സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനായുളള നിബന്ധനകളൊന്നും പാലിക്കാതെയാണ് മാധ്യമ പ്രവര്‍ത്തകപോലുമല്ലാത്ത സ്മിതാ മോനോനെ വി. മുരളീധരന് പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.
മന്ത്രിമാരുടെ വിദേശ യാത്രകളില്‍ പി.ആര് ഏജന്റിനെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് നയതന്ത്ര വിദഗ്ധര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു.
മാധ്യമ പ്രതിനിധികളെ വിദേശത്ത് നടക്കുന്ന മന്ത്രിതല സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിന് വ്യക്തമായ ചട്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ലംഘിച്ചു കൊണ്ടാണ് അബുദാബിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സ്മിത മേനോന് പങ്കെടുത്തത്.
വിദേശരാജ്യത്തേക്ക് മന്ത്രിമാര്‍ പോകുമ്പോള്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതില്‍ ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. എന്നാല്‍ പി.ആര് ഏജന്റിനെ കൊണ്ടുപോകാന്‍ ധനകാര്യമന്ത്രാലയം അനുമതി നല്‍കില്ലെന്നാണ് നയതന്ത്ര രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
സ്മിതാ മോനോനെ പരിപാടിയില്‍ പങ്കെടുപ്പിച്ച സംഭവത്തില്‍ ബി.ജെ.പിയിലും അഭിപ്രായ ഭിന്നതയുണ്ട്. പാര്‍ട്ടിയില്‍ പ്രവര്‍ത്തന പരിചയമില്ലാത്ത വ്യക്തിയായ സ്മിതാ മോനോന് എങ്ങനെ മഹിളാ മോര്‍ച്ചാ നേതൃസ്ഥാനത്തേക്കെത്തിയെന്നതും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്