ദൃശ്യം’ മോഡല്‍ കൊല താനൂരിലും: തീയേറ്റര്‍ ജീവനക്കാരനായ പ്രതി അറസ്റ്റില്‍
താനൂര്‍ : ദൃശ്യം മോഡലില്‍ കൊലപാതകം നടത്തിയ സിനിമ തിയേറ്റര്‍ ജീവനക്കാരനെ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ കൊലപ്പെടുത്തി കുളത്തില്‍ തള്ളിയ പ്രതി പാലക്കാട് കുമരംപുത്തൂര്‍ സ്വദേശി കൈപ്പേടത്ത് ദിനൂപ് എന്ന അനൂപിനെ(30)യാണ് താനൂര്‍ പൊലീസ് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടികൂടിയത്.
ഒക്ടോബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ആശാരിപ്പണിക്കായി താനൂരില്‍ എത്തിയ ബേപ്പൂര്‍ സ്വദേശിയായ പറമ്പത്ത് വൈശാഖാ (27)ണ് പിവിഎസ് തിയേറ്ററിന് സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമിതമായി മദ്യം ഉപയോഗിക്കുന്ന ആളാണ് പ്രതിയായ അനൂപ്. തന്റെ ലഹരി ഉപയോഗം തിയേറ്റര്‍ ഉടമസ്ഥനെ വൈശാഖ് അറിയിക്കുന്നുവെന്നതും, 13 വര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കേവലം ഒരു വര്‍ഷം മുമ്പ് ജോലി ആവശ്യാര്‍ത്ഥം എത്തിയ വൈശാഖിനു ലഭിച്ച സ്വീകാര്യതയുമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു.
ബുധനാഴ്ച രാത്രി പത്തോടെ എത്തിയ പ്രതി വൈശാഖിനെ ചവിട്ടി താഴെയിട്ടു. കാല് കൊണ്ട് ചവിട്ടുകയും മുട്ടുകാല് കൊണ്ട് കഴുത്തിന് അമര്‍ത്തി കൊല്ലുകയുമായിരുന്നു. ഇതിന്റെ ആഘാതത്തില്‍ ശ്വാസനാളം പൊട്ടിയും, തൊണ്ടക്കുഴി നുറുങ്ങിയിട്ടുമുണ്ട്, തൈറോയ്ഡ് ഗ്ലാന്‍ഡ് തകര്‍ന്നും, അന്നനാളം കീറിയ നിലയിലുമാണുള്ളതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
കൊലപാതകം നടത്തിയശേഷം മുങ്ങി മരിച്ചതാണെന്ന് വരുത്തിതീര്‍ക്കാന്‍ കുളത്തില്‍ തള്ളുകയായിരുന്നു. വൈശാഖിനെ കാണാനില്ലെന്ന് പൊലീസില്‍ അറിയിച്ചതും പ്രതിയായ അനൂപായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് തിരച്ചില്‍ നടത്തുമ്പോള്‍ ഒന്നും അറിയാത്ത ഭാവത്തില്‍ അനൂപും കൂടെയുണ്ടായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അനൂപിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. ചോദ്യം ചെയ്യലിനിടയില്‍ ദൃശ്യം സിനിമ മോഡലില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ അനൂപ് ശ്രമം നടത്തിയെങ്കിലും പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ മികവാണ് കേസ് തെളിയിച്ചത്.
തെളിവ് നശിപ്പിക്കാന്‍ ചവിട്ടി കൊല്ലാന്‍ ഉപയോഗിച്ച ചെരുപ്പുകള്‍ ഒളിപ്പിച്ചു വയ്ക്കുകയും, മൊബൈല്‍ ലൊക്കേഷന്‍ മാറ്റാനായി മൊബൈല്‍ മറ്റൊരു കാറിലിടുകയും ചെയ്തു.
മലപ്പുറം എസ്പി യു അബ്ദുല്‍ കരീമിന്റെ നിര്‍ദ്ദേശപ്രകാരം തിരൂര്‍ ഡിവൈഎസ്പി സുരേഷ്ബാബുവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണങ്ങള്‍ നടന്നത്. തീര്‍ത്തും ശാസ്ത്രീയമായ അന്വേഷണത്തിനും തെളിവുശേഖരണത്തിനും താനൂര്‍ സിഐ പി പ്രമോദ് നേതൃത്വം വഹിച്ചു. സീനിയര്‍ സിപിഒ സലേഷ് കാട്ടുങ്ങല്‍, സബറുദ്ദീന് എന്നിവരാണ് അന്വേഷണ സംഘാംഗങ്ങള്‍.