അശ്വഗന്ധ ഗുളികയോ, ചൂർണമോ ഇളം ചൂടുവെള്ളത്തിൽ കഴിക്കാം; അയൂർവേദ കൊവിഡ് ചികിത്സയുടെ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് ബാധിതർക്കും, ചെറിയ ലക്ഷണങ്ങൾ ഉള്ളവർക്കും ആയുർവേദ മരുന്നുകൾ നൽകാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയവും ആയുഷ് മന്ത്രാലയവും ചേർന്ന് പുറത്തിറക്കി.അശ്വഗന്ധ ഗുളികയോ (500 മില്ലിഗ്രാം) ചൂർണമോ (1–3 ഗ്രാം) ഇളം ചൂടുവെള്ളത്തിൽ കഴിക്കാം. ഇതേരീതിയിൽ ഗുളീചി ഘനവടികയും (ചിറ്റമൃത്) കഴിക്കാം. ദിവസവും ഇളം ചൂടുവെള്ളത്തിലോ പാലിലോ 10 ഗ്രാം ച്യവനപ്രാശം ഒരുമാസമോ പതിനഞ്ച് ദിവസമോ കഴിക്കുക.ആയുർവേദ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമായിരിക്കണം മരുന്നുകളുടെ ഉപയോഗം.മിതമായ വ്യായാമം, ആറുമണിക്കൂർ ഉറക്കം, യോഗ എന്നിവ പ്രാഥമികമായ പ്രതിരോധ മാർഗങ്ങളാണ്. ചെറിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്ക് ആയുഷ് 64 ടാബ്ലറ്റ് നൽകാം. മഞ്ഞളും ഉപ്പുമിട്ട ചൂടുവെള്ളം ഉപയോഗിച്ച് ഗാർഗിൾ ചെയ്യാം, ഗാർഗിൾ ചെയ്യാൻ ത്രിഫലയും യഷ്ടിമധുവും ഉത്തമം.മൂക്കിൽ ഇറ്റിക്കുന്നതിന് ഔഷധഎണ്ണയോ പശുവിൻ നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിക്കാം. ഇഞ്ചി, മല്ലിയില, ജീരകം എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം.