പൊതുയോഗങ്ങൾക്ക് വിലക്കില്ല, പൊതുസ്ഥലത്ത് അനിശ്ചിതകാല സമരം പാടില്ല; ഷഹീൻബാഗ് മോഡല്‍ സ്വീകാര്യമല്ല, സുപ്രീം കോടതി.
ന്യൂഡല്‍ഹി∙ പൊതുസ്ഥലങ്ങളും റോഡുകളും അനിശ്ചിതമായി കൈവശം വയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി. ഷഹീൻബാഗിലെ പ്രതിഷേധത്തിന്റെ സമയത്ത് റോഡ് തടസ്സപ്പെടുത്തിയ വിഷയത്തിലെ ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. പ്രതിഷേധങ്ങൾ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ അനുവദിക്കാനാകൂയെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം പ്രതിഷേധങ്ങള്‍ സ്വീകാര്യമല്ലെന്നും അധികാരികള്‍ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. ഇത്തരം പൊതുസ്ഥലങ്ങളില്‍ തടസമുണ്ടാകാതെ അധികൃതര്‍ സൂക്ഷിക്കണം. കോടതി വിധി വരുന്നതു വരെ ഭരണകൂടം കാത്തിരിക്കരുത്. – സ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് നിരീക്ഷിച്ചു.
പൊതുയോഗങ്ങൾ വിലക്കാൻ പാടില്ല. പക്ഷേ, അതു തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലായിരിക്കണം നടത്തേണ്ടത്. യാത്ര ചെയ്യാനുള്ള അവകാശം അനിശ്ചിതമായി വെട്ടിച്ചുരുക്കാനാകില്ല. കോടതി ഇടപെടൽ കാത്തിരിക്കാതെ ഭരണകൂടം ഇവ മാറ്റണം. പ്രതിഷേധിക്കാനുള്ള അവകാശത്തോടൊപ്പം തന്നെ യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.
അഭിഭാഷകനായ അമിത് സാഹ്നിയാണ് വിഷയത്തിൽ കോടതിയെ ഫെബ്രുവരിയിൽ സമീപിച്ചത്. ഷഹീൻബാഗ് – കാളിന്ദീകുഞ്ച് മേഖലയിലെ റോഡ് തടസ്സപ്പെടുത്തിയത് നീക്കണമെന്നതാണ് ഹർജിയിലെ ആവശ്യം. ഷഹീൻബാഗിലെ പ്രതിഷേധത്തിൽ പങ്കെടുത്തു തിരിച്ചു വന്ന വഴി ഒരു കുരുന്ന് മരിച്ച വിഷയവും കോടതി പരിഗണനയ്ക്കെടുത്തിരുന്നു.