‘സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയാൽ ‘കൊവിഡ് വ്യാപന’ത്തിന് മുന്നിട്ടിറങ്ങിയ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ നേരിട്ടപോലെ നേരിടും’; ഭീഷണിയുമായി യോഗി ആദിത്യനാഥ്
ലക്നൗ: സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരെ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചവരെ നേരിട്ടപോലെ കൈകാര്യം ചെയ്യുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘കൊവിഡ് വ്യാപന’ത്തിനു ശ്രമിച്ച തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെയും സര്‍ക്കാര്‍ എങ്ങനെയാണ് കൈകാര്യം ചെയ്തെന്ന കാര്യം ആരും മറക്കരുതെന്നും യോഗി പറഞ്ഞു.
പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അക്രമത്തിന് ശ്രമിച്ചവരെയും ‘കൊവിഡ് വ്യാപന’ത്തിന് ശ്രമിച്ച തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ സംരക്ഷിച്ചവരെയും എങ്ങനെയാണ് നേരിട്ടതെന്ന കാര്യം ആരും മറക്കരുത്. അവരെ തുറന്നുകാട്ടുക മാത്രമായിരുന്നില്ല. അത്തരം സംഘങ്ങളെ വേണ്ടവിധം കൈകാര്യം ചെയ്തു- യോഗി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ എല്ലാവര്ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആരെയും പ്രീതിപ്പെടുത്താനില്ലെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയെന്നല്ലാതെ പ്രതിപക്ഷത്തിന് വേറെ പണികളൊന്നുമില്ല. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനാണ് അവരുടെ ശ്രമമെന്നും യോഗി പറഞ്ഞു.
ഒരു വശത്ത്, ബി.ജെ.പി പ്രവര്‍ത്തകരും കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും സര്‍ക്കാരിനൊപ്പം നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. എന്നാല്‍ വികസനം ഇഷ്ടപ്പെടാത്ത ചിലര്‍ അതിന് തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താനും സമൂഹത്തില്‍ ജാതി-വര്‍ഗീയ ശത്രുത വളര്‍ത്തിയെടുക്കാനുമുള്ള ശ്രമത്തിലാണ് അവര്‍- യോഗി പറഞ്ഞു.
ഒരു പ്രത്യേക ജാതിയ്ക്കോ മതത്തിനോ വേണ്ടിയല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്നും എല്ലാവരുടെയും സുരക്ഷയും വികസനവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 24 കോടി ജനങ്ങളുടെ സന്തോഷം ഉറപ്പാക്കുമെന്നത് തന്റെ സര്‍ക്കാറിന്റെ പ്രതിജ്ഞയാണെന്നും മുഖ്യമന്ത്രി അറിയിച്ചു