കാസര്‍കോട്:മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫും, എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് അങ്കത്തട്ടിലിറങ്ങിയിട്ടും ബിജെപി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകതെ ഇരുട്ടില്‍ തപ്പുന്നു.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയകാര്യത്തില്‍ ബിജെപി നേതൃത്വമാകെ ആശയക്കുഴപ്പത്തിലാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. അതിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സമ്പൂര്‍ണ്ണ തുളുനാട്ടുകാരനായ ശങ്കര്‍റൈ വന്നതോടെ ബിജെപി കേന്ദ്രങ്ങള്‍ അങ്കലാപ്പിലാണ്. ഇത് മറിക്കടക്കാന്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ തിരക്കിട്ട ആലോചനകളിലാണ്. അയല്‍ ജില്ലയായ ദക്ഷിണ കര്‍ണാടകയിലെ ആര് എസ് എസ് നേതാക്കളും മംഗളൂരു എം പിയും കര്‍ണാടക ബിജെപി പ്രസിഡന്റുമായ നളിന്‍ കുമാര്‍ കട്ടീലും മഞ്ചേശ്വരം കൂടിയാലോചനകളില്‍ ശക്തമായി ഇടപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ പിബി അബ്ദുള്‍ റസാഖിന് മുമ്പില്‍ വെറും 89 വോട്ടുകള്‍ക്കാണ് ബിജെപിയിലെ സുരേന്ദ്രന് അടിയറവ് പറയേണ്ടി വന്നത്. ഭൂരിപക്ഷത്തിലെ ഈ വ്യത്യാസം ബിജെപി കേന്ദ്രങ്ങള്ക്കാകെ അന്ന് വന്‍ ആഘാതമാണ് ഏല്‍പ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് സുരേന്ദ്രന് റസാഖിന്റെ വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ കേസിനിറങ്ങിയത്. അതിനിടെയാണ് അബ്ദുള്‍ റസാഖ് അസുഖത്തെ തുടര്‍ന്ന ചികിത്സക്കിടയില്‍ മരിച്ചത്. ഇതേതുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മണ്ഡലത്തില്‍ അന്നും ഇന്നും ഒന്നാം സ്ഥാനത്ത് യുഡിഎഫും തൊട്ടുപിന്നില്‍ ബിജെപിക്കുമാണ് സ്ഥാനം. 2006ല്‍ മാത്രമാണ് ഇതിന് മാറ്റമുണ്ടായത. ഇതേഅവസ്ഥ ഇക്കുറി ആവര്ത്തിരക്കുമെന്നാണ് ഇടതു കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. അതിനിടെയിലാണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ബിജെപിയ്ക്ക് വന്‍ കീറാമുട്ടിയായി മാറിയത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള ആലോചനകള്‍ മുറുകുന്നതിനിടെയില് ബിജെപി നേതൃത്വം കോണ്‍ഗ്രസ് നേതാവും മംഗളൂരുവിലെ അഭിഭാഷകനുമായ ബി സുബയ്യറൈയെ പാട്ടിലാക്കി മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാല്‍ സംഘപരിവാറിന്റെ ഈ നീക്കം ഫലം കണ്ടില്ല. തന്നെ സ്ഥാനാര്‍ത്ഥിയാക്കാനായി ബിജെപി സമീപിച്ചുവെന്ന് ഇന്ന് ബിഎന്സിയോട് സുബയ്യറൈ സമ്മതിച്ചു.
റിപ്പോര്‍ട്ട്
കെ എസ് ഗോപാലകൃഷ്ണന്