കര്‍ഷക സമരം;കേന്ദ്രം അയയുന്നു ചര്‍ച്ചയ്ക്ക് തയ്യാറെന്ന്, ചർച്ചക്കില്ലെന്ന് പഞ്ചാബ് കർഷകർ
നിലപാട് അറിയിക്കാതെ ഇടതുപക്ഷം
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കർഷക സമരം തുടരുന്നതിനിടെ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ. നാളെ കർഷക സംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. എന്നാൽ കേന്ദ്രവുമായി ചർച്ചയ്ക്കില്ലെന്ന് പഞ്ചാബിലെ കര്‍ഷകരുടെ സംയുക്ത സമിതി വ്യക്തമാക്കുന്നത്.
കാർഷിക മേഖലയിൽ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ട് മൂന്ന് നിയമങ്ങളാണ് കഴിഞ്ഞ മാസം കേന്ദ്രസർക്കാർ പാസാക്കിയത്. അന്നു മുതൽ രാജ്യത്തെ നൂറോളം വരുന്ന കർഷക സംഘടനകൾ സമരത്തിലാണ്. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലാണ് കർഷക പ്രക്ഷോഭം ശക്തിപ്രാപിച്ചത്.
പഞ്ചാബിൽ കർഷക സംഘടനകളുടെ സംയുക്ത സമിതിയായ കിസാൻ മസ്ദൂർ സംഘർഷ് സമിതിയാണ് സമരങ്ങൾക്ക് നേതൃത്വം നൽകിയത്. സമരം ശക്തി പ്രാപിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ചർച്ചയ്ക്ക് തയ്യാറാണെന്ന കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് കർഷക സംഘടനകൾക്ക് ലഭിച്ചത്.
ടെലിഫോണിലൂടെയും ഇ-മെയിൽ മുഖാന്തിരവും നാളെ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്താനാണ് കർഷക സംഘടനകളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചത്. കർഷകരുടെ പ്രശ്നങ്ങളോട് സർക്കാർ ഗൗരവമായി പരിഗണിക്കുന്നില്ലെന്ന കാരണത്താലാണ് ചർച്ചക്കില്ലെന്ന് ഇവർ പറയുന്നത്. അതേസമയം, ഇടത് പിന്തുണയുള്ള സംഘടനകളൊന്നും തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ബി.ജെ.പി. അനുകൂല കർഷക സംഘടനകൾ ചർച്ചയിൽ പങ്കെടുത്തേക്കും.
മറ്റ് പ്രതിപക്ഷ പാർട്ടികളുടെ കർഷക സംഘടനകൾ ചർച്ചയിൽ പങ്കെടുക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.