മൂന്നുമാസം വൈദ്യുതക്കമ്പി പൊട്ടിക്കിടന്നു,പരാതിപ്പെട്ട കര്ഷകന് ഷോക്കേറ്റ് മരിച്ചു.രക്ഷിക്കാൻ ശ്രമിച്ച മകനും ഷോക്കേറ്റു
വൈക്കം: വൈദ്യുതിക്കമ്പി പൊട്ടിക്കിടക്കുന്നെന്ന് മൂന്നുമാസംമുമ്പ് പരാതിപ്പെട്ട ക്ഷീരകര്ഷകന് അതേകമ്പിയില്നിന്ന് ഷോക്കേറ്റ് മരിച്ചു. പുല്ലുചെത്താന്‍ പോയപ്പോഴായിരുന്നു അപകടം. ഉദയനാപുരം പടിഞ്ഞാറെക്കര രാഹുല്‍നിവാസില്‍ കെ.വി.രാജുവാണ്(48) മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് രാജു പുല്ലുചെത്താനായി വീടിനോടുചേര്‍ന്നുള്ള കരിപ്പായി പാടത്ത് പോയത്. തിരിച്ചുവരുന്ന സമയം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടര്‍ന്ന് മക്കള്‍ രാജുവിനെ പാടത്ത് തിരഞ്ഞു. പാടത്തെ വഴിച്ചാലില്‍ രാജു വീണുകിടക്കുന്നതുകണ്ട് മകന് അടുത്തുചെന്ന് പിടിച്ചെങ്കിലും ഷോക്കേറ്റു. ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടി.
നാട്ടുകാര്‍ ഫ്യൂസ് ഊരിയശേഷമാണ് രാജുവിനെ പാടത്തുനിന്ന് എടുത്തത്. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പുല്ല് നിറഞ്ഞുകിടക്കുന്ന പാടത്തുകൂടി കടന്നുപോകുന്ന വൈദ്യുതിക്കമ്പി പൊട്ടിക്കിടക്കുകയാണെന്നുകാട്ടി രാജു ഉള്‍പ്പൈടയുള്ള നാട്ടുകാര്‍ മൂന്നുമാസംമുമ്പ് പരാതി നല്‍കിയിരുന്നു. എന്നിട്ടും വൈദ്യുതിവകുപ്പ് അധികൃതര്‍ നടപടിയെടുത്തില്ല.
ഇവിടത്തെ വൈദ്യുതത്തൂണും കമ്പികളും കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചനിലയിലാണ്. വെള്ളപ്പൊക്കത്തില്‍ ട്രാന്‍സ്ഫോര്‍മറും മുങ്ങും. വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മിനിയാണ് രാജുവിന്റെ ഭാര്യ. മക്കള്‍: രാഹുല്‍രാജ്, രോഹിത്ത് രാജ്. മരുമകള്‍: സ്മിത. സംഭവം അന്വേഷിക്കുമെന്ന് വൈദ്യുതി ബോര്‍ഡ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. അപകടം നടന്നതിനുസമീപം കറുകയില്‍ ഭാഗത്തെ ട്രാന്‍സ്ഫോര്‍മര്‍ വെള്ളത്തില്‍ മുങ്ങുമെന്നതിനാല്‍ അത് ഉയര്ത്തിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ പരാതി നല്‍കിയതെന്നും, വൈദ്യുതിക്കമ്പി പൊട്ടിവീണതായി പരാതിയില്‍ ഇല്ലായിരുന്നെന്നും എന്‍ജിനീയര്‍ പറഞ്ഞു.