തുടക്കം ബാങ്കിൽ നൈറ്റ് വാച്ച്മാനായി, പിന്നെ വെച്ചടി, വെച്ചടി കയറ്റം അക്കൗണ്ടന്റായപ്പോൾ തട്ടിയത് 88.86 ലക്ഷം
തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്ചെങ്കള സഹകരണബാങ്കിലെ ഇടപാടുകാർപരിഭ്രാന്തിയിൽ.
കാസർകോട്: കംപ്യൂട്ടർ രേഖകൾ തിരുത്തി ചെങ്കള സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ അക്കൗണ്ടന്റ് എ വിജയകുമാർ ജോലിയിൽ പ്രവേശിച്ചത് നൈറ്റ് വാച്ച്മാനായി. 2008 ജൂലൈയിൽ പ്യൂണായും 2011 മുതൽ ജൂനിയർ ക്ലർക്കായും 2017 ഒക്ടോബർ മുതൽ സീനിയർ ക്ലർക്കായും 2020 ജനുവരി ഒന്നുമുതൽ അക്കൗണ്ടന്റായും ഇയാൾക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ദുരൂഹമാണെന്ന് നിക്ഷേപകർ. ബാങ്കിൽ കംപ്യൂട്ടർവൽകരിച്ചതു മുതൽ സെക്രട്ടറിയുടെ യൂസർ ഐഡിയും പാസ്വേഡും വിജയകുമാറിന് സ്ഥിരമായി ഉപയോഗിക്കാൻ നൽകിയതാണ് തട്ടിപ്പിന് വഴിവച്ചത്.കോൺഗ്രസും മുസ്ലിംലീഗും ചേർന്ന് ഭരണം കൈയാളുന്ന ബാങ്കിൽനിന്നും വിജയകുമാർ 84,86,900 രൂപയുടെ തട്ടിപ്പ് നടത്തിയത് ക്രമക്കേട് അന്വേഷിച്ച സഹ. വകുപ്പ് ബദിയടുക്ക യൂണിറ്റ് ഇൻസ്പെക്ടർ എം മണികണ്ഠൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിരിമാരികൾക്ക് സെക്രട്ടറിക്ക് പങ്കുള്ളതായും ചൂണ്ടിക്കാട്ടുന്നു.
2002 ഏപ്രിൽ ഒന്നുമുതലാണ് ബാങ്ക് കംപ്യൂട്ടർവൽകരിച്ചത്. അന്നുമുതൽ 2016 മെയ് 14 വരെ സ്വകാര്യ സ്ഥാപനത്തിന്റ പ്രാദേശിക സോഫ്റ്റ്വെയറാണ് ഉപയോഗിച്ചിരുന്നത് ബാങ്കിലെ സോഫ്റ്റ്വെയർ സംബന്ധിച്ച കാര്യങ്ങൾ ശരിയാക്കിയിരുന്ന ഇയാൾ സെക്രട്ടറി പി ഗിരിധരനുമായി അടുപ്പം സ്ഥാപിച്ചാണ് നൈറ്റ് വാച്ച്മാനായി ജോലി നേടിയത്. ഇതോടെ കംപ്യൂട്ടർ സോഫ്റ്റ്വെയർ ചുമതല മുഴുവൻ ഏൽപിച്ചു. ഇത് സെക്രട്ടറിയുടെ ഉത്തരവാദിത്തമില്ലായ്മയാണെന്ന് അന്വേഷണ റിപ്പോർട്ടിൽ എടുത്തുപറയുന്നു. യൂസർ ഐഡിയും പാസ്വേഡും വിജയകുമാറിന് നൽകിയതും ഗുരുതര വീഴ്ചയാണ്.
നിക്ഷേപങ്ങൾക്ക് അധികമായി ലഭിച്ച തുക വിജയകുമാർ സ്വന്തമായും ഭാര്യയുടെ പേരി ലുമായുള്ള നാല് അക്കൗണ്ടുകകളിലേക്ക് മാറ്റി 84,61,900 രൂപ അപഹരിച്ചെന്നായിരുന്നു പരാതി. 2016 മെയ് 14 മുതലാണ് ബാങ്കിൽ കോർ ബാങ്കിങ് സംവിധാനം വന്നത്. ഇതിന് മുമ്പ് വിജയകുമാറിന്റെയും ഭാര്യയുടെയും എസ്ബി അക്കൗണ്ടിലേക്ക് 51 ലക്ഷം രൂപ ഡാറ്റാ ബേസിൽ മാറ്റംവരുത്തി നിക്ഷേപിച്ചു. കോർ ബാങ്കിങ് വന്നതിന് ശേഷം 33,61,900 രൂപയും അക്കൗണ്ടിലെത്തി. ഇതിനുപുറമെ സേവിങ് ബാങ്കിങ് അക്കൗണ്ട് പലിശയിനത്തിൽ 2.55 ലക്ഷം രൂപയുടെയും ക്രമക്കേടും കണ്ടെത്തി. കോർ ബാങ്കിങ് മുതൽ കണ്ണൂരിലെ സ്വകാര്യ കമ്പനിക്കായിരുന്നു സോഫ്റ്റ്വെയർ ചുമതല . ഇവർ കണക്കുകൾ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് പുറത്തുവന്നത്.