ഒരു കോടിക്ക് രണ്ടുകോടി കള്ളപ്പണം ഓഫർ, മലപ്പുറത്ത് 80 ലക്ഷം തട്ടിയ നോട്ടിരട്ടിപ്പുകാരൻ തളിപ്പറമ്പിൽ പിടിയിൽ
പിടിയിലായത് എസ് ഐയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി.
കണ്ണൂർ :നോട്ടിരട്ടിപ്പിന്റെപേരിൽ മലപ്പുറത്തുനിന്ന് 80 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയും കോരൻപീടികയിലെ പി വി റിവാജ്(33) പൊലീസ് പിടിയിലായി. ഒരു കോടി രൂപ നൽകിയാൽ രണ്ടുകോടി രൂപയുടെ കള്ളപ്പണം നൽകാമെന്നുപറഞ്ഞ് മലപ്പുറം തിരൂർ പയ്യനങ്ങാടിലെ കുഞ്ഞുമുഹമ്മദിൽനിന്ന് പണം തട്ടിയെടുത്ത് രക്ഷപ്പെട്ട കേസിലാണ് പിടിയിലായത്.
പ്രവാസി വ്യവസായിയായ കുഞ്ഞുമുഹമ്മദിന്റെ മകനാണ് നോട്ടിരട്ടിപ്പ് സംഘവുമായി ഇടപാട് ഉറപ്പിച്ചത്. കുഞ്ഞുമുഹമ്മദ് പണം നൽകാമെന്ന് അറിയിച്ചതിനെ തുടർന്ന് റിവാജും സംഘവും തിരൂരിലെ വീട്ടിലെത്തി. ഒരുകോടി രൂപ തിട്ടപ്പെടുത്തുന്നതിനിടെ അക്കൗണ്ടിൽ രണ്ടുകോടി നൽകാൻ ആവശ്യപ്പെട്ടു. ഇതിനിടെ കുഞ്ഞുമുഹമ്മദിന്റെ കൈയിൽനിന്ന് പണം തട്ടിയെടുത്ത് സംഘം രക്ഷപെട്ടു. അതിനിടെ ഇരുപതിനായിരം രൂപ വീട്ടുമുറ്റത്ത് വീണുപോയി. ബാക്കി 80 ലക്ഷവുമായാണ് രക്ഷപെട്ടത്. ഇവർ വന്ന കാറിന്റെ നമ്പർ സഹിതം തിരൂർ പൊലീസിന് പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ സംഘം വന്നത് തളിപ്പറമ്പ് രജിസ്ട്രേഷനിലുള്ള വാഹനമാണെന്ന് കണ്ടെത്തി. തിരൂർ പൊലീസ് അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാർ ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് റിവാജിന്റെ പങ്ക് തിരിച്ചറിഞ്ഞത്. 500, 1000 രൂപ നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് റിവാജ്. കഴിഞ്ഞ ദിവസം രാവിലെ തളിപ്പറമ്പ് സീതിസാഹിബ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പൊലീസ് സംഘത്തെക്കണ്ട് ഓടുന്നതിനിടെയാണ് പിന്തുടർന്ന് പിടികൂടിയത്.
എസ്ഐയെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതി
2010–-ൽ സിപിഐ എം പ്രവർത്തകരുടെ വീടുകൾ ആക്രമിച്ച കേസിലും 2014–-ൽ എഎസ്പി ശിവവിക്രത്തെയും സംഘത്തെയും അമ്മാനപ്പാറ കാഞ്ഞിരവളവിൽ ബോംബെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ച കേസിലും 2015–-ൽ മണൽക്കടത്തിനിടെ പരിയാരം എഎസ്ഐ കെ എം രാജനെ ജാക്കി ലിവർകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രധാന പ്രതിയാണ് റിവാജ്. തളിപ്പറമ്പിലെ സ്വർണക്കവർച്ച കേസിലും മാട്ടൂലിൽ എൻഡിഎഫ് അക്രമത്തിലും ഓണപ്പറമ്പിൽ പള്ളികത്തിച്ച കേസിലുമുൾപ്പെടെ പ്രധാന പങ്ക് റിവാജിന്റേതാണ്.
ഗ്രാമസഭയും
കൈയേറി
ഗ്രാമസഭ കൈയേറി ജനപ്രതിനിധികളെ ആക്രമിക്കാൻ ശ്രമിച്ചകേസിലും ഒന്നാംപ്രതിയാണ് ഇയാൾ. തീവ്രവാദ സംഘത്തിലെ കണ്ണിയായതോടെയാണ് ക്വട്ടേഷൻ സംഘത്തലവനായി മാറിയത്. രാജസ്ഥാനിലെ അജ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘവുമായി ബന്ധപ്പെട്ട് നടത്തിയ കറൻസി തട്ടിപ്പിൽ ലക്ഷങ്ങളുടെ ഇടപാടാണ് റിവാജിനുള്ളത്. മുസ്ലിംലീഗ് നേതാക്കളുമായി അടുത്ത ബന്ധമാണ് ഇയാൾക്കുള്ളതെന്ന് സിപിഎം മുഖപത്രം പറയുന്നു