മംഗളൂരു: മംഗളൂരുവിലെ ജ്വല്ലറി കവര്‍ച്ചക്കേസില്‍ കാസര്‍കോട് മേല്‍പ്പറമ്പ് ചെമ്പരിക്ക സ്വദേശിയും കുപ്രസിദ്ധ ഗുണ്ടയുമായ യുവാവടക്കം മൂന്നുപേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ രണ്ട് വിദേശികളും ഉള്‍പ്പെടും ചെമ്പരിക്കയിലെ മുഹത്തസിം എന്ന തസ്ലിം (39), അഫ്ഗാന് സ്വദേശികളായ മുഹമ്മദ് അസിം ഗുറാം (25), വാലി മുഹമ്മദ് ഷാഫി (45) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൂട്ടുപ്രതികളും മലയാളിയുമായ കുഞ്ഞിഅഹമ്മദ്, അഫ്ഗാനിയായ ഫരീദ് എന്നിവര്‍ ഒളിവിലാണ്. സെപ്റ്റംബര്‍ 2നാണ് മംഗളൂരു ഭവന്തി സ്ട്രീറ്റിലെ അരുണ്‍ ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. മൂന്നര കിലോ സ്വര്‍ണ്ണവും 21 കിലോ വെള്ളിയാഭരണവുമാണ് ഇവര്‍ ജ്വല്ലറിയില്‍ നിന്ന് കവര്‍ച്ച ചെയ്തത്. സ്വര്‍ണ്ണത്തിന് 1,02,95,270 രൂപയും വെള്ളിയ്ക്ക് 9,11,600 രൂപയും വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. വിദേശികളായ പ്രതികളെക്കുറിച്ച് വിദേശകാര്യമന്ത്രാലയത്തിന് റിപ്പോര്‍ട്ടയച്ചിട്ടുണ്ട്. പ്രതികളില്‍ നിന്ന് 2.753 കി ഗ്രാം സ്വര്ണ്ണഭാറുകളും 9 ലക്ഷംരൂപയും പിടിച്ചെടുത്തിട്ടുണ്ട്. ജ്വല്ലറിയുടെ പിന്‍ഭാഗം തുരന്ന് ആധുനിക ഗ്യാസ് കട്ടിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് നഗരത്തെ നടുക്കിയ കവര്‍ച്ചനടത്തിയത്. അറസ്റ്റിലായ തസ്ലിം ഇതിന് മുമ്പ് അനധികൃതമായി ആയുധം സൂക്ഷിച്ച കേസിലും പ്രതിയാണ്. കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സിയുടെയും നിരന്തരനിരീക്ഷണത്തിലായിരുന്നു പ്രതികള്‍.സിറ്റി പോലീസ് കമ്മീഷ്ണര്‍ ഡോ പി എസ് ഹര്‍ഷ, ഡി സി പി ലക്ഷ്മി ഗണേഷ്, എ സി പി ബി ഭാസ്ക്കര്‍, പോലീസ് ഇന്‍സ്പെക്ടര്‍മാരായ ശിവപ്രകാശ് നായക്ക്, കബല്‍ രാജ്, ഗോവിന്ദ് രാജ്, പ്രദീപ്, സുന്ദര്‍ എന്നിവരാണ് അന്തര്‍സംസ്ഥാന കൊള്ള സംഘത്തെ പിടികൂടിയ വിവരം വാര്‍ത്തസമ്മേളനത്തില്‍ പുറത്തുവിട്ടത്. പ്രതികളില്‍ തസ്ലിമിനെ അറസ്റ്റ് ചെയ്യാന്‍ മംഗളൂരു പോലീസിന് സഹായം നല്‍കിയത് ബേക്കല്‍ പോലീസായിരുന്നു.