സ്വർണക്കടത്ത്: ഫൈസല്‍ ഫരീദും റബിന്‍സും ദുബായില്‍ അറസ്റ്റിലായെന്ന് എന്‍.ഐ.എ കോടതിയില്‍,
ആറ് പേർക്ക് ഇന്റർപോൾ നോട്ടീസ്
കൊച്ചി:തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തിന്റെ പ്രധാന കണ്ണിയായ ഫൈസല്‍ ഫരീദിനേയും റബിന്‍സിനേയും ദുബായില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എന്‍.ഐ.എ കോടതിയില്‍ അറിയിച്ചു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും ശക്തമായ നടപടിയെടുക്കുമെന്ന് അറിയിച്ചതായും എന്‍.ഐ.എ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോടതിയില്‍ പ്രതികൾ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് അറസ്റ്റിന്റെ കാര്യം എന്‍.ഐ.എ അറിയിച്ചത്. ഇതിന് പുറമെ ഇന്റര്‍പോള്‍ വഴി ആറ് പേര്‍ക്കെതിരേ ബ്ലൂകോര്‍ണര്‍ നോട്ടീസ് നല്‍കിയതായും അറിയിച്ചിട്ടുണ്ട്.
ഫൈസല്‍ ഫരീദ്, റബിന്‍സ് ഹമീദ്, സിദ്ദിഖ് അക്ബര്‍, അഹമ്മദ് കുട്ടി, രതീഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ക്കെതിരേയാണ് ബ്ലൂകോര്‍ണര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദപരമായ അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം ഇവരുടെ ഭാഗത്ത് നിന്നും നടന്നൂവെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രകരായിട്ടുള്ളത് മുഹമ്മദ് ഷാഫിയും റമീസുമാണ്. ദുബായില്‍ വെച്ച് ഗൂഢാലോചന നടന്നുവെന്നും ജാമ്യത്തെ എതിര്‍ത്തുകൊണ്ടുള്ള എതിര് സത്യവാങ്ങ്മൂലത്തില്‍ എന്‍.ഐ.എ ചൂണ്ടിക്കാട്ടി. തെളിവുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം കോടതി എന്‍.ഐ.എയോട് പറഞ്ഞിരുന്നു.
ജാമ്യാപേക്ഷ നല്‍കിയിട്ടുള്ള ഓരോരുത്തരുടേയും പങ്കാളിത്തവും എന്‍.ഐ.എ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ആദ്യമായാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ ദുബായ് എടുത്തിട്ടുളള നടപടികളെ കുറിച്ച് എന്‍.ഐ.എ അറിയിക്കുന്നത്.