കുന്നംകുളത്ത് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍
തൃശ്ശൂർ: പന്നിത്തടത്ത് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. ചിറ്റിലങ്ങാട് സ്വദേശി തറയിൽവീട്ടിൽ നന്ദനെ(48)യാണ് പോലീസ് സംഘം ചൊവ്വാഴ്ച ഉച്ചക്ക് പിടികൂടിയത്. നേരത്തെ ഇയാളുടെ പോർകുളത്തെ ഭാര്യവീട്ടിലും മറ്റു കേന്ദ്രങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. നന്ദന്റെ പാസ്പോർട്ടും മറ്റ് രേഖകളും പിടിച്ചെടുക്കുകയും ചെയ്തു.
സി.പി.എം. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നന്ദൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികൾ ആർ.എസ്.എസ്-ബി.ജെ.പി. പ്രവർത്തകരാണെന്നാണ് സി.പി.എം നേതാക്കളുടെ ആരോപണം. എന്നാൽ പ്രതികളുമായി ബി.ജെ.പിക്കോആർ.എസ്.എസ്സിനോ ബന്ധമില്ലെന്ന് ബി.ജെ.പി. നേതാക്കളും പ്രതികരിച്ചു.
ചിറ്റിലങ്ങാട് കരിമ്പനയ്ക്കൽ വീട്ടിൽ സജീഷ്, അരണംകോട്ട് വീട്ടിൽ അഭയ്ജിത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഞായറാഴ്ച രാത്രി എയ്യാൽ, ചിറ്റിലങ്ങാടുണ്ടായ ആക്രമണത്തിലാണ് സനൂപ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ സനൂപിന്റെ മൂന്ന് സുഹൃത്തുക്കൾ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.