തിരുവനന്തപുരം:ഉപതെരഞ്ഞെടുപ്പിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് എകെജി സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് പ്രഖ്യാപിച്ചത്. തലസ്ഥാനത്തെ അനന്തപുരിയിലെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മേയര്‍ വികെ പ്രശാന്ത് മത്സരിക്കുമ്പോള്‍ ഇങ്ങ് വടക്കന്‍ കേരളത്തിലെ അനന്തപുരം ക്ഷേത്രം ഉള്‍ക്കൊള്ളുന്ന മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ തുളുനാടിന്റെ പ്രതിനിധിയായി എം ശങ്കര്‍ റൈയാണ് മത്സരിക്കുന്നത്. കോന്നിയില്‍ – കെയു ജനീഷ് കുമാറും, അരൂരില്‍ – മനു സി പുള്ളിക്കനും, എറണാകുളത്ത് – അഡ്വ. മനു റോയിയുമാണ് മറ്റ് സിപിഎം സ്ഥാനാര്‍ത്ഥികള്‍. ഇവര്‍ അഞ്ചുപേരും കേരളീയ സമൂഹത്തില്‍ വ്യത്യസ്ത രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.
മഞ്ചേശ്വരത്ത് സിപിഎം സംസ്ഥാന സമിതിയംഗം സിഎച്ച് കുഞ്ഞമ്പു സ്ഥാനാര്‍ത്ഥിയാവും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടതെങ്കിലും അവസാനനിമിഷം ഭാഷാന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ശങ്കര്‍റേയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ജില്ലാ കമ്മിറ്റികളിലും മണ്ഡലം കമ്മിറ്റികളിലും ചര്‍ച്ച ചെയ്ത ശേഷമാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
അരൂരില്‍ ബിഡിജെഎസും ബിജെപിയും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതകളെക്കുറിച്ച് കൂടുതലറയില്ലെന്നും നിലവില്‍ ബിഡിജെഎസുമായി എല്‍ഡിഎഫോ സിപിഎമ്മോ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ രാഷ്ട്രീയ അന്തരീക്ഷമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
കഴിഞ്ഞ തവണ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. അവിടെ 2015-ലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 8579 വോട്ടുകളുടെ ലീഡ് അവിടെ എല്‍ഡിഎഫ് നേടിയിരുന്നു. വിജയം ലക്ഷ്യമിട്ട് തന്നെയാണ് മേയറായ വികെ പ്രശാന്തിനെ അവിടെ മത്സരിപ്പിക്കുന്നത്. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രശാന്ത് മേയര്‍ സ്ഥാനം രാജിവയ്ക്കേണ്ടതില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എംഎല്‍എമാര്‍ സ്ഥാനം രാജിവച്ചിട്ടിലല്ലോ എന്നും കോടിയേരി ചോദിച്ചു.