ചെങ്കള സർവീസ് സഹകരണ ബാങ്കിൽ നടന്നത് സമാനതകളില്ലാത്ത തട്ടിപ്പും വെട്ടിപ്പും, കമ്പ്യൂട്ടറിനെ വെല്ലുന്ന കുടിലബുദ്ധിയിൽ
അടിച്ചു മാറ്റിയത് നിക്ഷേപകരുടെ ലക്ഷങ്ങൾ, എല്ലാം സെക്രട്ടറിയുടെ അറിവോടെയെന്ന് അന്വേഷണ റിപ്പോർട്ട്,
വെട്ടിലായി യു ഡി എഫ് ഭരണ സമിതി.
കാസർകോട് :ചെങ്കള സർവീസ് സഹകരണ ബാങ്കിൽ കംപ്യൂട്ടർ രേഖകൾ തിരുത്തി നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് ശരിവച്ച് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. അക്കൗണ്ടന്റായ പി വിജയകുമാർ നടത്തിയ 84,86,900 രൂപയുടെ തട്ടിപ്പാണ് സഹകരണ വകുപ്പ് ബദിയടുക്ക യൂണിറ്റ് ഇൻസ്പെക്ടർ എം മണികണ്ഠൻ അന്വേഷിച്ചത്. എന്നാൽ വിവിധ തലങ്ങളിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇതിലെല്ലാം ബാങ്ക് സെക്രട്ടറി പി ഗിരിധരന്റെ പങ്കും എടുത്തുപറഞ്ഞിട്ടുണ്ട്.
സോഫ്റ്റ്വെയറിൽ കൃത്രിമം കാട്ടിയതിന് പുറമെ ജീവനക്കാരുടെ പാസ്വേഡ്, യൂസർ ഐഡി എന്നിവ ഉപയോഗിച്ചുമാണ് തട്ടിപ്പ് നടത്തിയത്. 2008ൽ നൈറ്റ് വാച്ച്മാനായി ജോലിയിൽ പ്രവേശിച്ച വിജയകുമാറിനെ ബാങ്കിന്റെ സോഫ്റ്റ്വെയർ കൈകാര്യം ചെയ്യാൻ ഏൽപിച്ചതും സെക്രട്ടറിയാണ്. നൈറ്റ് വാച്ച്മാൻ നിയമനത്തിലും ക്രമക്കേടുണ്ട്. ജീവനക്കാരെ ഒരേ സ്ഥലത്ത് ഒരേ സ്ഥാനത്ത് തുടരാൻ അനുവദിച്ചത് ഭരണസമിതിയുടെ വീഴ്ചയാണെന്നും റിപ്പോർട്ടിലുണ്ട്. സസ്പെൻഷനിലായ സെക്രട്ടറിയെ ശരവേഗത്തിൽ തിരിച്ചെടുത്തത് തട്ടിപ്പിൽ ഭരണസമിതിയുടെ പങ്ക് ചൂണ്ടിക്കാട്ടുന്നുണ്ട്. ബാങ്കിലെ നിരവധി ജീവനക്കാർക്ക് തട്ടിപ്പ് സംബന്ധിച്ച് അറിവുണ്ട്. അവരുടെയെല്ലാം മൊഴിയെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ബാങ്കിലെ മറ്റു വായ്പാ‐ നിക്ഷേപ ഇടപാടുകളിലും ക്രമക്കേടുണ്ട്. നിയമം പാലിക്കാതെ ലക്ഷക്കണക്കിന് രൂപ ഭരണസമിതിയുടെ സ്വന്തക്കാർക്കും മറ്റും വായ്പ നൽകി. സെക്രട്ടറിയുടെ ഭാര്യക്ക് വ്യാജ മേൽവിലാസത്തിൽ അംഗത്വം നൽകി 25 ലക്ഷം രൂപ വായ്പ നൽകി. സെക്രട്ടറിയുടെ അടുത്ത ബന്ധുക്കൾക്ക് വ്യാജ മേൽവിലാസത്തിൽ ക്രമവിരുദ്ധ വായ്പ നൽകി. ഒരേ കാലയളവിൽ ഒരേ വായ്പകൾക്ക് വ്യത്യസ്ത നിരക്കിൽ പലിശയും ഈടാക്കി.
സ്വർണപ്പണയത്തിലും വളം വാങ്ങിയതിലും തട്ടിപ്പ് കണ്ടെത്തി. ചില ജീവനക്കാരുടെ നിയമനത്തിൽ ചട്ടം പാലിച്ചിട്ടില്ല. ഇതിനെല്ലാം പുറമെ അംഗങ്ങളുടെ ഓഹരി, ഡിവിഡന്റ് എന്നിവയിലും വ്യാപക തട്ടിപ്പാണ് നടത്തിയിട്ടുള്ളത്. നിലവിലുള്ളതിന് പുറമെ സെക്രട്ടറി സ്വന്തം പേരിൽ മറ്റൊരു അക്കൗണ്ടും പ്രായപൂർത്തിയാകാത്ത മകളുടെ പേരിലും അക്കൗണ്ട് തുടങ്ങി. ഇവയിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയത് സാമ്പത്തിക ക്രമക്കേടിലേക്ക് വിരൽചൂണ്ടുന്നതായി റിപ്പോർട്ടിൽ പറയുന്നു. അന്വേഷണവുമായി സെക്രട്ടറിയും മെയിൻ ബ്രാഞ്ച് മാനേജരും സഹകരിച്ചില്ലെന്നും രേഖകൾ നൽകിയില്ലെന്നും റിപ്പോർട്ടിലുണ്ട്.