മാവുങ്കാൽ നെല്ലിത്തറയിൽ സർക്കാർഭൂമി കൈയേറി വീട് നിർമാണം റവന്യൂ സംഘം ഒഴിപ്പിച്ചു,
വീടുകൾ ജെസിബി കൊണ്ട് ഇടിച്ചു നിരത്തി.
കാഞ്ഞങ്ങാട് : മാവുങ്കാൽ നെല്ലിത്തറയിലെ സർക്കാർഭൂമിയിൽ നടന്ന സംഘടിത കൈയേറ്റം റവന്യു സംഘം ഒഴിപ്പിച്ചു. മടിക്കൈ അമ്പലത്തറ വില്ലേജിൽ റി.സ.നമ്പർ 27-ൽ മിലിട്ടറി കാറ്റഗറിയിൽപ്പെട്ടവർക്കായി നീക്കിവെച്ച ഒന്നര ഏക്കറിലെ കൈയേറ്റമാണ് ഹൊസ്ദുർഗ് ഭൂരേഖ തഹസിൽദാർ ടി.വിജയന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചത്. അമ്പലത്തറ പോലീസിന്റെ സഹായത്തോടെയാണ് ഒഴിപ്പിക്കൽ നടന്നത്. സ്ഥലത്തുണ്ടായ നിർമാണങ്ങൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കി.
നിർമാണത്തിനായി ഇറക്കിവെച്ച ചെങ്കല്ലുകളും എംസാന്റും അമ്പലത്തറ വില്ലേജ് ഓഫീസ് വളപ്പിലേക്ക് മാറ്റി. ഭൂമി കൈയേറി 15 ഓളം പേരാണ് ഇവിടെ വീട് നിർമാണം തുടങ്ങിയത്. സർക്കാർഭൂമി കൈയേറ്റക്കാർക്കെതിരേ നടപടിയുണ്ടാകുമെന്ന് തഹസിൽദാർ വ്യക്തമാക്കി.
അമ്പലത്തറ വില്ലേജ് ഓഫീസർ സി.ഗോവി, വില്ലേജ് അസിസ്റ്റന്റുമാരായ സുരേഷ് പെരിയങ്ങാനം, നൗഫൽ കാർത്തിക എന്നിവരും സംഘത്തിലുണ്ടായിരുന്നു.