കാസര്‍കോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി എം ശങ്കര്‍ റൈ മത്സരിക്കും. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. സി പി എം ജില്ലാ കമ്മിറ്റി അംഗമാണ് ശങ്കര്‍ റൈ.
മുന്‍ എം എല്‍ എ സി എച്ച് കുഞ്ഞമ്ബുവിന്റെ പേരായിരുന്നു ഇന്നലെ മുഴുവന്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയായി മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഇന്ന് രാവിലെ പാര്‍ട്ടി ഔദ്യോഗികമായി ശങ്കര്‍ റൈയുടെ പേര് പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ശങ്കര്‍ റൈയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. ബാഡൂര്‍ എ എല്‍ പി സ്കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചയാളാണ് ശങ്കര്‍ റൈ.
യക്ഷഗാന, തുളു, കന്നഡ നാടക രംഗത്ത് സജീവമായിയുണ്ട്. കുമ്പളയിലെ കേരള യക്ഷഗാന കലാ ക്ഷേത്രം പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. കന്നഡ, തുളു, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ പ്രാവിണ്യമുണ്ട്. മികച്ച പ്രഭാഷകന്‍ കൂടിയാണ്. ദേലംപാടി മഹാലിഗേശ്വരം ക്ഷേത്രം പ്രസിഡന്റാണ്.
18-ാം വയസില്‍ പുത്തിഗെയിലെ കമ്യൂണിസ്റ്റ് നേതാവ് വൈ അനന്തന് മാസ്റ്ററുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. ഭാര്യ: കാവേരി. മക്കള്‍: എ. സന്തോഷ്, രാജേഷ്, രശ്മി. അച്ഛന് തിമണ്ണ റൈ നാട്ടുവൈദ്യനാണ്. അമ്മ: ഗോപി. പുത്തിഗെ പഞ്ചായത്തിലെ ബാഡൂര്‍ മണ്ടപ്പാടിയിലാണ് താമസം. തുളുനാട്ടിലെ പ്രമുഖ ബണ്ട്സ് കുടുംബാംഗമാണ്. എം രാമണ്ണറൈയ്ക്കും , ബി എം രാമയ്യഷെട്ടിക്കും പിന്‍ഗാമിയായി മഞ്ചേശ്വരത്ത് മത്സരിക്കുന്ന തുളുനാട്ടുക്കാരനെന്ന പ്രത്യേകതയും ശങ്കര്‍ റൈയ്ക്കുണ്ട്.