ജിദ്ദയില്‍ മണല്‍ക്കാറ്റിനിടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം വെള്ളക്കെട്ടില്‍, മരിച്ചത് മലപ്പുറം സ്വദേശി
ജിദ്ദ: മലപ്പുറം സ്വദേശിയെ ജിദ്ദയില്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വൈലോങ്ങര സ്വദേശി മൂന്നാക്കല്‍ മുഹമ്മദലി (48) ആണ് ജിദ്ദയിലെ ശുഹൈബ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം മക്കയില്‍ നിന്ന് ഇദ്ദേഹവും സുഹൃത്തുക്കളും ജിദ്ദക്ക് അടുത്തുള്ള ശുഹൈബയിലേക്ക് ചുണ്ടയിട്ട് മീന്‍ പിടിക്കാന്‍ വന്നതായിരുന്നു. ഇതിനിടയില്‍ പ്രദേശത്ത് പൊടിക്കാറ്റ് വീശി മുഹമ്മദലിയുടെ കണ്ണില്‍ മണല്‍ കേറിയതായും ശേഷം ഇദ്ദേഹം അടുത്തുള്ള വാഹനത്തിലേക്ക് പോവുകയും ചെയ്തിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.
കാറ്റ് ശക്തമായപ്പോള്‍ സുഹൃത്തുക്കള്‍ ചൂണ്ടയിടുന്നത് നിര്‍ത്തി വാഹനത്തിനരികിലെത്തിയപ്പോള് മുഹമ്മദലിയെ കാണാനില്ലായിരുന്നു. പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചില്ല. കാറ്റി?െന്റ ശക്തി കുറഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ വീണ്ടും ചൂണ്ടയിട്ട ഭാഗത്ത് പരിശോധിച്ചപ്പോള്‍ ചുണ്ടയും മാസ്ക്കും മാത്രം കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച മുഴുവനും തെരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. പിന്നീട് ശനിയാഴ്ച രാവിലെയാണ് സമീപത്തെ വെള്ളക്കെട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത് 20 വര്‍ഷത്തോളമായി പ്രവാസിയായിരുന്നു. നിലവില്‍ മക്കയില്‍ ബഡ്ജറ്റ് കമ്പനിയില്‍ പെയിന്റര്‍ ആയി ജോലിചെയ്യുകയായിരുന്നു.
പിതാവ്: പരേതനായ സൂപ്പി, മാതാവ്: ഖദീജ, ഭാര്യ: റജീന, മക്കള്‍: ജിന്‍സിയ, സിനിയ. മക്ക അല്‍നൂര്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് സന്നദ്ധ പ്രവര്ത്തകന് മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.