23 ലക്ഷം പേര്‍ക്ക് കൊവിഡ് വന്നു പോയിട്ടുണ്ടാകാം; കേരളത്തിൽ രോഗം ഇനിയും കൂടും, സർവ്വേ റിപ്പോര്‍ട്ട് പുറത്ത് വിട്ട് ഐ സി എം ആർ
തിരുവനന്തപുരം: സംസ്ഥാനത്ത് 23 ലക്ഷം പേര്‍ക്ക് വരെ കൊവിഡ് വന്നു പോയിട്ടുണ്ടാകാമെന്ന് നിഗമനം. സംസ്ഥാനത്ത് ഓഗസ്റ്റില്‍ ഐ.സി.എം.ആര് നടത്തിയ സിറോ സര്‍വേ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ മാസം അവസാനത്തോടെ മാത്രമേ രോഗബാധ കുറഞ്ഞു തുടങ്ങുവെന്നാണ് സര്‍ക്കാരിന്റെ പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഈ മാസം പകുതിയോടെ രോഗബാധ കുറഞ്ഞു തുടങ്ങുമെന്ന ആദ്യ നിഗമനം ഈ മാസം അവസാനമെന്ന് തിരുത്തിയാണ് പുതിയ പഠനം എന്നത് ശ്രദ്ധേയമാണ്.എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഗസ്റ്റ് അവസാനവാരത്തിലാണ് സിറോ സര്‍വേ നടന്നത്. 1181 പേരെ പരിശേധിച്ചതില്‍ 11 പേര്‍ക്ക് രോഗം വന്നു പോയെന്ന് കണ്ടെത്തി. ഇതിന്റെ ആറു മുതല്‍ പത്ത് ഇരട്ടി വരെ ആളുകള്‍ക്ക് രോഗം വന്നിരിക്കാമെന്നാണ് സര്‍വേയുടെ അടിസ്ഥാനത്തിലുളള നിഗമനം. അതായത് ഇപ്പോഴത്തെ ആകെ രോഗബാധിതര്‍ 2.29 ലക്ഷം . ഇതിന്റെ പത്തിരട്ടിയായ 23 ലക്ഷം പേര്‍ക്ക് രോഗം വന്നു പോയിട്ടുണ്ടാകാം. ആകെ ജനസംഖ്യയുടെ മുപ്പത് ശതമാനം വൈറസ് ബാധിതരായാല്‍ രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തി കുറഞ്ഞു തുടങ്ങുമെന്നാണ് വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ കണക്കനുസരിച്ച് മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിന്റെ കോവിഡ് മൂര്‍ദ്ധന്യാവസ്ഥ ഇനിയും അകലെയാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.സര്‍വേഫല പ്രകാരം, പോസിറ്റീവാകുന്നവരെ പരിശോധനയില്‍ തിരിച്ചറിയാത്തത് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വളരെ കുറവാണെന്നും ഇത് മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടെന്നുമാണ് വിലയിരുത്തല്‍. ഒരേ സമയം ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1.29 ലക്ഷം വരെ ഉയരുമെന്നാണ് സര്‍ക്കാരിന്റെ പുതിയ പ്രൊജക്ഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതേസമയം സര്‍വേ ഫലം ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരമാണെന്നും ഇപ്പോള്‍ ഈ അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കാമെന്നും അനുമാനമുണ്ട്.