‘രാമകൃഷ്ണനെതിരെനടന്നത് സര്‍ക്കാര്‍ വക പീഡനം: കെപിഎസി ലളിതയ്ക്കെതിരെ കേസെടുക്കണം’, ബിജെപി
തിരുവനന്തപുരം: കലാഭവന്‍ മണിയുടെ സഹോദരന് ആര്.എല്‍.വി.രാമകൃഷ്ണനെതിരെ നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേഡ് ദലിത് പീഡനമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍. സംഗീത നാടക അക്കാദമിയിലെ ദലിത് പീഡനത്തില്‍ പ്രതിഷേധിച്ച് പട്ടികജാതിമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാമകൃഷ്ണന് ആത്മഹത്യക്കു ശ്രമിച്ചതിനുത്തരവാദി സംസ്ഥാന സര്‍ക്കാരാണ്.
അക്കാദമിക്കു മുന്നില്‍ ദിവസങ്ങളോളം രാമകൃഷ്ണന് സമരം ചെയ്തിട്ടും അതില്‍ ഇടപെടാന്‍ മുഖ്യമന്ത്രിയും, മന്ത്രി എ.കെ .ബാലനും തയാറാകാതെ വിവേചനത്തിന് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. കേരള സംഗീത നാടക അക്കാദമിയുടെ സര്‍ഗ്ഗ ഭൂമികയെന്ന ഓണ്‍ലൈന്‍ നൃത്ത പരിപാടിയില്‍ രാമകൃഷ്ണന് പങ്കെടുത്താല്‍ സ്ഥാപനത്തിന്റെ നിലവാരവും ഇമേജും നഷ്ടപ്പെടുമെന്നും അതിനാല്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്നും അക്കാദമി ഭാരവാഹികള്‍ പറഞ്ഞു. ഇതു പട്ടികജാതിക്കാരനെ മാറ്റി നിര്‍ത്തിയുള്ള അയിത്താചരണമാണ്.
കെപിഎസി ലളിതയേയും രാധാകൃഷ്ണന് നായരെയും ഭരണസമിതിയില്‍ നിന്നും പുറത്താക്കി അവര്‍ക്കെതിരെ അയിത്താചരണത്തിനും പട്ടികജാതി പീഡനത്തിനും കേസെടുക്കണം. രാമകൃഷ്ണനെ നിരവധി തവണ അപമാനിച്ച കെപിഎസ്സി ലളിത ഇപ്പോള്‍ പച്ചക്കള്ളം പറയുകയാണ്. പട്ടികജാതിക്കാരനായതു കൊണ്ടാണ് അദ്ദേഹത്തിന് അവഗണന നേരിടേണ്ടി വന്നത്. സാംസ്കാരിക വകുപ്പും പട്ടികജാതി കലാകാരനെ അവഹേളിക്കുകയായിരുന്നു. പട്ടിക ജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വപ്നജിത്ത്, വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍, ജില്ലാ പ്രസിഡന്റ് വിളപ്പില്‍ സന്തോഷ്, മുട്ടത്തറ പ്രശാന്ത് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.