ജുവല്ലറിതട്ടിപ്പ്, നിക്ഷേപകർക്ക് പിന്നാലെ കമറുദ്ധീനെതിരെ പരാതിയുമായി ഡയറക്ടരുടെ ഭാര്യയും
കാഞ്ഞങ്ങാട് :എം സി ഖമറുദ്ദീൻ എംഎൽഎ പ്രതിയായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ പരാതിയുമായി ഡയറക്ടർമാരും രംഗത്ത്. പയ്യന്നൂർ പൊലീസ് സ്റ്റേഷനിലാണ് ഡയറക്ടർമാർ പരാതി നൽകിയത്. ഡയറക്ടർമാരായ കോഴിക്കോട് കൊടുവള്ളിയിലെ ഷമീറിന്റെ ഭാര്യ ചന്തേര മാടപ്രത്ത് സാഹിറ, തൃക്കരിപ്പൂർ മാണിയാട്ടെ അഞ്ചില്ലത്ത് ഫൈസൽ എന്നിവരാണ് പരാതിക്കാർ. ഫാഷൻ ഗോൾഡ് പയ്യന്നൂർ ശാഖയിൽ അഞ്ച് കിലോ സ്വർണം നിക്ഷേപിച്ചതിൽ അരകിലോ തിരിച്ചു തന്നതായും ബാക്കിയുള്ള നാലര കിലോ നൽകാതെ വഞ്ചിച്ചുവെന്നാണ് സാഹിറയുടെ പരാതി. ഇതിന് രണ്ട് കോടി രൂപയോളം വിലവരും. പയ്യന്നൂർ ശാഖയിൽ ഒരു കോടി രൂപ നിക്ഷേപമായി നൽകിയെന്നും 25 ലക്ഷം തിരികെ നൽകിയെങ്കിലും ബാക്കി നൽകാതെ വഞ്ചിച്ചുവെന്നുമാണ് അഞ്ചില്ലത്ത് ഫൈസലിന്റെ പരാതി. രണ്ട് കേസുകളിലും ഫാഷൻ ഗോൾഡ് ചെയർമാൻ എം സി ഖമറുദ്ദീൻ, എംഡി പി കെ പൂക്കോയ തങ്ങൾ എന്നിവർക്കെതിരെയാണ് പൊലീസ് കേസ്.
പയ്യന്നൂരിലെ ജ്വല്ലറിയിൽ നിന്ന് നാല് ഡയറക്ടർമാർ ചേർന്ന് അഞ്ചര കിലോ സ്വർണവും 50 ലക്ഷത്തിന്റെ രത്നാഭരണവും ഒറ്റ രാത്രിയിൽ കടത്തി കൊണ്ടുപോയിരുന്നു. 42 ഡയറക്ടർമാർ കഴിഞ്ഞ 15 വർഷത്തിനിടയിൽ 32 കോടിയോളം ലാഭ ഇനത്തിൽ കൈപ്പറ്റിയതായും കണ്ടത്തിയിട്ടുണ്ട്. പയ്യന്നൂരിൽ രണ്ട് കേസ് കൂടി എടുത്തതോടെ വിവിധ സ്റ്റേഷനുകളിലായി 83 പേരുടെ പരാതിയിൽ കേസെടുത്തു. ചന്തേരയിൽ 58 ഉം കാസർക്കോട് 14 ഉം പയ്യന്നൂരിൽ 11 ഉം കേസുണ്ട്. ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഒരു വണ്ടി ചെക്ക് കേസുമുണ്ട്.