അബുദാബി മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കാൻ സ്മിത മേനോന് അനുമതി നൽകിയെന്ന് സമ്മതിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ.
കോഴിക്കോട് : അബുദാബിയിലെ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കാൻ സ്മിത മേനോന് അനുമതി നൽകിയിരുന്നുവെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. മാധ്യമ പ്രവർത്തക എന്ന നിലയിലാണ് അവർ പങ്കെടുത്തത്. നിങ്ങളിൽ ആരുചോദിച്ചാലും അനുമതി നൽകുമായിരുന്നു. സ്മിത മേനോനെ മുമ്പേ പരിചയമുണ്ടായിരുന്നുവെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി മുരളീധരൻ പറഞ്ഞു.
കാർഷിക ബില്ലുകളിൽ കേന്ദ്ര സർക്കാർ നിലപാട് വിശീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ കൂടുതൽ ചോദ്യങ്ങൾക്ക് കാത്തുനിൽക്കാതെ അദ്ദേഹം വേദി വിട്ടിറങ്ങി. പിന്നീട് ചോദ്യം ചോദിച്ചവരുടെ അടുത്തുചെന്ന് നിലപാട് വിശദീകരിക്കാൻ ശ്രമിച്ചു.
‘സമ്മേളനത്തിൽ പങ്കെടുക്കാൻ പറ്റുമോ എന്ന് സ്മിത മേനോൻ ചോദിച്ചു. പങ്കെടുക്കാമല്ലൊ എന്ന് മറുപടിയും നൽകി. മാധ്യമ പ്രവർത്തകർ പങ്കെടുക്കുന്ന സെഷനിലാണ് അവർ ഇരുന്നത്. രജിസ്റ്റർചെയ്താണ് അവർ പങ്കെടുത്തത്. അന്താരാഷ്ട്ര സമ്മേളനങ്ങളിൽ വട്ടമേശയായാണ് ഇരിക്കാറ് –-’ മുരളീധരൻ അവകാശപ്പെട്ടു.