കോവിഡ് സ്ഥിരീകരിച്ച പോലീസുകാരെ തിരിഞ്ഞുനോക്കാത്ത സർക്കാറിൽ സ ജനങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ല, ആഞ്ഞടിച്ച് എൻ എ നെല്ലിക്കുന്ന്
കാസർകോട്: കോവിഡ് 19 സ്ഥിരീകരിച്ച പോലീസുകാരെ തിരിഞ്ഞുനോക്കാത്ത സർക്കാറിൽ സാധാരണ ജനങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ലെന്ന് എൻ എ നെല്ലിക്കുന്ന് എം എൽ എ. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ 20 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഇതുവരെ സർക്കാറിൻ്റെ ഇമേജ് വർധിപ്പിക്കാൻ സർവ്വതും മറന്ന് പ്രവർത്തിച്ച ഇവരെ ഇപ്പോൾ അധികാരികൾക്ക് വേണ്ട.
ഐസോലേഷൻ സൗകര്യമില്ലാതെ പോലീസ് സ്റ്റേഷനിലെ തറയിൽ രാവും പകലും കഴിച്ചു കൂട്ടുകയാണ് ഇവർ. കോവിഡിൻ്റെ പേരിൽ ഒരാൾക്ക് പോലും വിഷമിക്കേണ്ടി വരില്ലെന്നാണ് മുഖ്യമന്ത്രി ഓരോ ദിവസവും പറയുന്നത്. അങ്ങനെ പറയാൻ സർക്കാറിൻ്റെ ധൈര്യം പോലീസിൻ്റെ കഠിനാധ്വാനമാണ്. ആ പോലീസ് കോവിഡ് പിടിപെട്ട് തളരുമ്പോൾ സഹായിക്കാൻ കഴിയാത്ത സർക്കാറിൽ എന്ത് പ്രതീക്ഷയാണ് സാധാരണ ജനങ്ങൾ വെച്ചു പുലർത്തേണ്ടത്.
കോവിഡ് പോസിറ്റീവായ കാസർകോട് ടൗൺ സ്റ്റേഷനിലെ പോലീസുകാർക്ക് മതിയായ ചികിത്സയും മറ്റു സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ ആവശ്യപ്പെട്ടു.