തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി;ബീഹാറിൽ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം പൂർത്തിയായി സിപിഐക്ക് ആറും സിപി എമ്മിന് നാലും സീറ്റുകൾ
പട്ന: ബിഹാറില്‍ പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആര്.ജെ.ഡി. നേതാവ് തേജസ്വി യാദവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസും ഇടതുപക്ഷവും സഖ്യകക്ഷികളായ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനവും പൂർത്തിയായി.
മുന്നണിക്ക് നേതൃത്വം നല്കുന്ന ആര്.ജെ.ഡി 144 സീറ്റുകളില്‍ സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് 70, സിപിഐ-എംഎല് 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറില്‍ ആകെയുള്ളത്. ജെ.എം.എമ്മിനും പുറത്ത് നിന്ന് വരുന്ന മറ്റു കക്ഷികള്‍ക്കും ആര്‍ജെഡിയുടെ 144 സീറ്റുകളില്‍ നിന്ന് നല്‍കാനും ധാരണയായി. ഇടത് പാര്‍ട്ടികള്‍ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.
ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിനാണ് ഫലപ്രഖ്യാപനം. ഭരണ കക്ഷിയിൽ സീറ്റുവിഭജനത്തെ ചൊല്ലി തര്‍ക്കം അവസാനിച്ചിട്ടില്ല. കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്റെ എല്‍ജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി നിതീഷ് കുമാറുമായി അഭിപ്രായ ഭിന്നതിയിലുള്ള എല്‍ജെപി ജെഡിയു മത്സരിക്കുന്ന സീറ്റുകളിലായിരിക്കും സ്ഥാനാര്‍ഥികളെ നിര്‍ത്തുക. അതേ സമയം ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കില്ലെന്നും രാം വിലാസ് പാസ്വാന്റെ മകനും എല്‍ജെപി നേതാവുമായ ചിരാഗ് പാസ്വാന് അറിയിച്ചിട്ടുണ്ട്.