മലപ്പുറം വണ്ടൂരിൽ 171 കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
ലഹരി എത്തിച്ചത് സിമന്റ് ലോറിയിൽ
വണ്ടൂർ : 171 കിലോ കഞ്ചാവുമായി മലപ്പുറം വണ്ടൂരിൽ മൂന്നു പേർ പിടിയിൽ. സ്റ്റേഷനറി ഉൽപന്നങ്ങളെന്ന് തെറ്റിദ്ധരിപ്പിച്ച് മിനി ലോറിയിൽ കടത്തവെ മഞ്ചേരി റോഡിൽ വെച്ച് പിടികൂടുകയായിരുന്നു. സംഭവത്തിൽ ചെർപ്പുളശേരി പാലക്കാപ്പറമ്പിൽ ജാബിർ, ആലുവ കൊച്ചുപറമ്പിൽ മിഥുൻ, പുത്തൻവീട്ടിൽ സുജിത്ത് എന്നിർ അറസ്റ്റിലായി. ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവ് കൊച്ചിയിൽ വിതരണത്തിനുള്ളതാണെന്ന് അധികൃതർ പറഞ്ഞു.
വാഹനത്തിൽ 77ഓളം പാക്കറ്റുകൾ ആക്കി പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടിയ നിലയിൽ ആയിരുന്നു. രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ കാളികാവ് റേഞ്ച് എക്സൈസും, എക്സൈസ് ആൻറി നാർക്കോട്ടിക് സ്ക്വാഡും, എക്സൈസ് ജില്ല ഇൻറലിജൻസ് വിഭാഗവും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
ആന്ധ്രയിൽ നിന്ന് സിമൻറ് നിറച്ച വലിയ ലോറിയിൽ എത്തിയ കഞ്ചാവ് പ്രതികൾ മിനിലോറിയിലെത്തി കണ്ണൂർ അതിർത്തിയിൽ വെച്ചാണ് മാറ്റിയത്. തുടർന്ന് മലപ്പുറത്ത് വിതരണം നടത്തി കൊച്ചിയിലെത്തിക്കാനായിരുന്നു പദ്ധതി.
സെപ്റ്റംബർ 29ന് വണ്ടൂർ എറിയാട് സ്വദേശി പരപ്പൻ വീട്ടിൽ ജാസിമിനെ എട്ടു കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. അയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ കേസിന് തുമ്പായതെന്ന് കാളികാവ് എക്സൈസ് റേഞ്ച് ഇൻസ്പെകർ എം.ഒ വിനോദ് പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒരു കോടിയോളം വില വരും.