ഇരുചക്ര വാഹന കവര്‍ച്ച കേസില്‍ റിമാണ്ടിലായ തെക്കില്‍ സ്വദേശിക്ക് കോവിഡ്’പോലീസുകാർ ക്വാറന്റൈനിൽ
കാസര്‍കോട്: ഇരുചക്രവാഹനങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ റിമാണ്ടില്‍ കഴിയുന്ന തെക്കില്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. തെക്കിലിലെ മുഹമ്മദ് നവാസി(31)നാണ് കോവിഡ് പോസിറ്റീവായത്.
ഇതോടെ പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസുദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോയി.മുഹമ്മദ് നവാസ് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്. പനയാല്‍ കോട്ടപ്പാറയില്‍ നിന്ന് മോഷ്ടിച്ചുകടത്തിയ സ്കൂട്ടറുമായി നവാസിനെ സെപ്തംബര്‍ 27ന് രാത്രിയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്
പനയാല്‍ കോട്ടപ്പാറ കളിങ്ങോത്തെ ബഷീറിന്റെ സ്കൂട്ടറുമായി നീലേശ്വരത്തെത്തിയപ്പോഴാണ് പിടിയിലായത്. കസ്റ്റഡിയില്‍ കിട്ടുന്നതിന് ബേക്കല്‍ പൊലീസ് നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നവാസിനെ തത്ക്കാലം കസ്റ്റഡിയില്‍ വാങ്ങാനാകില്ല.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ഇരുചക്രവാഹനങ്ങള്‍ നവാസ് മോഷ്ടിച്ചതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. താക്കോല്‍ സഹിതം നിര്‍ത്തിയിടുന്ന ഇരുചക്രവാഹനങ്ങളാണ് നവാസ് മോഷ്ടിക്കാറുള്ളതെന്നും കണ്ടെത്തിയിരുന്നു