കുട്ടമത്ത് ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളിന് ആധുനിക കെട്ടിട സമുച്ചയം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
ചെറുവത്തൂർ :കുട്ടമത്ത് ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിന് പുതുതായി നിര്‍മ്മിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആയിരത്തിലധികം കുട്ടികളില്‍ കൂടുതലോ ,100 വര്‍ഷം പിന്നിട്ടതോ ആയ വിദ്യാലയങ്ങള്‍ക്ക് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് കുട്ടമത്ത് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂളിന് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിര്‍മ്മിച്ചത്ത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്
കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് കൊണ്ട് ഊരാളുങ്കല്‍ സൊസൈറ്റിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കാസര്‍ഗോഡ് പാക്കേജില്‍ നിന്നും ,സ്പോണ്സര്മാരില് നിന്നും ,പൊതു ജനങ്ങളില്‍ നിന്നും 3 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്ന ലക്ഷ്യം വെച്ച് കൊണ്ടാണ് 6 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. അധിക പണം സ്വരൂപിക്കുന്നതിനുള്ള ശ്രമം വിജയിക്കാതിരുന്നതിനാല്‍ സര്‍ക്കാര്‍ ഫണ്ട് 3 കോടി രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 15 ക്ലാസ്സ് മുറികള്‍ ,ഇന്റര്‍നെറ്റ് ഹൈടെക്ക് കമ്പ്യൂട്ടര്‍ ലാബ്, ഹൈടെക് ഓഫീസ് ,സ്റ്റാഫ് റൂം ,പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയിലറ്റ് സമുച്ചയം , മള്‍ട്ടി മീഡിയാ സൗകര്യമുള്ള ലൈബ്രറി എന്നിവ ഹൈടെക് വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.
ശതാബ്ദി പിന്നിട്ട ഈ ഗ്രാമീണ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോട് ജില്ലയിലെ തന്നെ ഒരു മാതൃക വിദ്യാലയമാണ്. പ്രീ-പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി തലം വരെ ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം കോവിഡിന്റെ ഈ മഹാമാരി കാലത്തും ഓണ്‍ലൈന്‍ ക്ലാസ്സ് തുടര്‍ പ്രവര്‍ത്തനങ്ങളിലും സംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലും , ആതുരസേവന രംഗത്തും, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ മാനസിക ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും സജീവമാണ്. വിദ്യാലയത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരും അതിലുപരി മികച്ച രക്ഷാകര്‍ത്തൃ സമിതിയുടേയും ഇടപെടലുകളാണ് വിദ്യാലയ പ്രവര്‍ത്തനങ്ങളെ മികച്ചതാക്കുന്നത്.
കുട്ടികള്‍ ഇല്ലാതെ വളരെ ലളിതമായ രീതിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഉദ്ഘാടനം നടന്നത്. ഇതോടൊപ്പം മുന്‍ എം എല്‍ എ കെ.കുഞ്ഞിരാമന്റെ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച 13 ലക്ഷത്തിന്റെ ഓഡിറ്റോറിയം ഉദ്ഘാടനവും സ്ക്കൂള് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു