ആറ് മണിക്കുളള പത്രസമ്മേളനം അല്ലാതെ കൊവിഡ് പ്രതിരോധ പ്രവർത്തനം നടക്കുന്നില്ല; അമ്പതിനായിരം പേർക്കുളള തൊഴിൽ ഇലക്ഷൻ തട്ടിപ്പെന്ന് ചെന്നിത്തല
തിരുവനന്തപുരം: ലൈഫ് കരാർ ആകാശത്ത് നിന്ന് പൊട്ടിവീണതല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിലാണ് കരാർ നടപ്പാക്കിയത്. ഈ നാട്ടിൽ കൺസൾട്ടൻസി രാജാണ് നടക്കുന്നത്. സംസ്ഥാനത്ത് പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുകയാണ്. പിൻവാതിൽ നിയമനങ്ങളെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ട് കത്ത് നൽകി. ഇതുവരെ മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കൊളളകളൊക്കെ പുറത്തുവരുമ്പോൾ അന്വേഷണം നടത്താൻ സമിതികളെ വയ്ക്കുന്നുവെന്നല്ലാതെ പിന്നീട് ഒന്നും നടക്കുന്നില്ല. പി.എസ്.സി നിയമനം വൈകുന്നുവെന്ന് പറഞ്ഞവർക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ അമ്പതിനായിരം നിയമനങ്ങൾ കൊടുക്കുമെന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിക്കാരെ സർക്കാർ തസ്തികകളിൽ തിരുകികയറ്റാനുളള ശ്രമമാണ് നടക്കുന്നത്. കിഫ്ബി ഉൾപ്പടെ എല്ലായിടത്തും അനധികൃത നിയമനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.കൊവിഡിന്റെ മറവിൽ സംസ്ഥാനത്ത് നടക്കുന്ന തട്ടിപ്പാണ് അമ്പതിനായിരം പേർക്ക് തൊഴിൽ കൊടുക്കുമെന്ന് പറയുന്നത്. തൊഴിൽ ആഗ്രഹിച്ചവരെ വഞ്ചിച്ച സർക്കാരാണിത്. നാല് വർഷം ഒരു ജോലിയും ആർക്കും കൊടുക്കാത്ത സർക്കാരിന്റെ പ്രഖ്യാപനം കേട്ട് ജനങ്ങൾ ഞെട്ടി. കൊവിഡ് പ്രവർത്തനങ്ങളിൽ ജാഗ്രതയില്ലാതായത് ജനങ്ങൾക്കല്ല, സർക്കാരിനാണ്. ആറ് മണിക്കുളള പത്രസമ്മേളനം അല്ലാതെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.യു.എ.ഇ കോൺസുലേറ്റിന്റെ പരിപാടിയിൽ അവർ ക്ഷണിച്ചത് അനുസരിച്ചാണ് പോയത്. പ്രസംഗം കഴിഞ്ഞുടൻ കൈതമുക്കിൽ മണ്ണുവാരികഴിച്ച കുട്ടിയുടെ വീട്ടിലേക്കാണ് താൻ നേരെ പോയത്. പോകാൻ നേരത്ത് ചില സമ്മാനങ്ങൾ കൂടി കൊടുത്തിട്ട് പോകണമെന്ന് അവർ പറഞ്ഞു. ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് കോടിയേരിയുടെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന എ.പി രാജീവനാണ് മൊബൈൽ കിട്ടിയവരിൽ ഒരാൾ. അദ്ദേഹം ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥനാണ്. തന്റെ സ്റ്റാഫിലുളള ഹബീബിനും ഒരു വാച്ച് കിട്ടി. ഇതെല്ലാം ലക്കി കൂപ്പൺ നറുക്കെടുപ്പ് വഴിയാണ് ലഭിച്ചത്. പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘനമൊന്നും നടന്നിട്ടില്ല.സന്തോഷ് ഈപ്പൻ പറഞ്ഞ ബാക്കി ഫോണുകൾ എവിടെയെന്നുളളത് പ്രധാനപ്പെട്ടതാണ്. ഐ.എം.ഇ.ഐ നമ്പറുകൾ പരിശോധിച്ച് ഈ ഫോൺ ആര് ഉപയോഗിച്ചുവെന്ന് കണ്ടുപിടിക്കണം. താൻ ഫോൺ വാങ്ങിയിട്ടുമില്ല, ഉപയോഗിച്ചിട്ടുമില്ല. പൊതുജീവിതത്തിൽ വർഷങ്ങളായി നിൽക്കുന്ന ഒരാളാണ്. രേഖകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ ഉന്നയിക്കുന്നത്. എന്നാൽ സി.പി.എം ചീപ്പായ കാര്യങ്ങൾ പറഞ്ഞ് നിരന്തരം വേട്ടയാടുകയാണ്. സർക്കാരിനെതിരെയുളള രേഖകൾ ഇനിയുമുണ്ട്. അത് ഇനിയും ഉപയോഗിക്കുമെന്നും ചെന്നിത്തല പറഞ്ഞു.