രാഹുലും പ്രിയങ്കയും വീണ്ടും ഹാഥറസിലേക്ക് കോണ്‍ഗ്രസ് എം.പിമാർ അനുഗമിക്കുംഅഖിലേഷ് യാദവും എത്തും
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശനിയാഴ്ച ഹാഥറസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കും. കോണ്‍ഗ്രസ് എം.പിമാരും ഇവരെ അനുഗമിക്കും. ശനിയാഴ്ച ഉച്ചക്ക് ശേഷം പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി ഇരുവരും പുറപ്പെടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
നേരത്തെ ഹാഥറസില്‍ കൂട്ടബലാത്സഗത്തിനിരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയേയും യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹൈവേയില്‍ വാഹനം തടഞ്ഞ പൊലീസ് ലാത്തിവീശുകയും രാഹുലിനെ തള്ളിയിടുകയും ചെയ്?തിരുന്നു. ഇതില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി രാഹുല്‍ വീണ്ടും പുറപ്പെടുന്നത്.
അതേസമയം, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.