കോവിഡ് ബാധിതനെ പുഴുവരിച്ച സംഭവം: സസ്പെന്ഷന് പിന്‍വലിക്കില്ലെന്ന് സർക്കാർ അനിശ്ചിതകാല സമരമെന്ന് ഡോക്ടര്‍മാരുടെ ഭീഷണി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിതനായ കിടപ്പുരോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡോക്ടറെയടക്കം സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കില്ലെന്ന് ആരോ?ഗ്യമന്ത്രി കെ.കെ ഷൈലജ. ഈ സാഹചര്യത്തില്‍ അനിശ്ചിതകാല സമരം തുടരാനാണ് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും തീരുമാനം. സംഭവത്തില്‍ ഡി എം ഒ യുടെ അന്വേഷണം തുടരും.
ജീവനക്കാരുടെ കുറവ് നികത്താതെ ചുമതല ഉണ്ടായിരുന്നവരെ ബലിയാടാക്കി എന്ന നിലപാടിലാണ് സമരക്കാര്‍. നടപടി പിന്‍വലിച്ചില്ലെങ്കില്‍ നോണ്‍ കോവിഡ് ഡ്യൂട്ടി ബഹിഷ്കരിക്കാന്‍ ആണ് തീരുമാനം. കെജിഎംസിടിഎ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ഇന്ന് റിലെ സത്യാഗ്രഹം തുടങ്ങും. നഴ്സുമാര്‍ ഇന്ന് ജില്ലയില്‍ കരിദിനം ആചരിക്കും. സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരക്കാരുമായി മന്ത്രി ചര്‍ച്ച നടത്തിയത്. സസ്പെന്ഷന് പിന്‍വലിക്കണം എന്ന സമരക്കാരുടെ ആവശ്യം മന്ത്രി അം?ഗീകരിച്ചില്ല. ഭരണാനുകൂല സംഘടനകള്‍ക്കും എതിര്‍പ്പ് ഉണ്ടെങ്കിലും പ്രത്യക്ഷ സമരത്തില്‍ ഇറങ്ങില്ല.
കിടപ്പുരോഗിയെ പുഴുവരിച്ച സംഭവത്തില്‍ മൂന്ന് പേരാണ് സസ്പെന്‍ഷനിലായത്. കോവിഡിന്റെ അടക്കം ചുമതലയുള്ള നോഡല്‍ ഓഫീസര്‍ ഡോ. അരുണ, ഹെഡ് നേഴ്സുമാരായ ലീന കുഞ്ചന്‍, രജനി കെവി എന്നിവര്‍ക്കെതിരെയാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ആരോഗ്യ വകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.