ഇവരെ നന്നാക്കാന്‍ ദൈവത്തിനുപോലുമാകില്ല അനുഭവിക്കുക തന്നെ എങ്കിലും പ്രതീക്ഷയുടെ വെള്ളിവെളിച്ചം ചിലരില്‍ കാണുന്നുണ്ട്.
ആദ്യം ജനങ്ങളെ വെല്ലുവിളിച്ചുള്ള സീരിയല്‍ നാടകങ്ങളും അഴിമതികളും കൊണ്ട് പേര് വാരിക്കൂട്ടിയ കാസര്‍കോട് നഗരസഭ നിലവില്‍ വോട്ടുചെയ്ത് വിജയിപ്പിച്ച കാസര്‍കോട് നഗരവാസികള്‍ക്ക് തിരിച്ചു നല്‍കിയത് എട്ടിന്റെ പണി.തൊട്ടിയിലെ പുല്ല് തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്നുപറഞ്ഞതു പോലെയാണ് മുന്‍സിപ്പാലിറ്റിയിലെ വികസനപദ്ധതികളുടെ ഓരോ കാര്യങ്ങള്‍.
ജനങ്ങള്‍ മാത്രമല്ല ഇപ്പോള്‍ പൊറുതിമുട്ടിയിരിക്കുന്നത്. ഭരണക്കാര്‍ക്ക് താങ്ങായി നില്ക്കുന്ന പാര്‍ട്ടിയ്ക്കും കൗണ്‍സിലര്‍മാര്‍ക്കും വാര്‍ഡ്തല നേതാക്കള്‍ക്കും ഈ ഭരണസമിതി തീര്‍ത്താല്‍ തീരാത്ത ബാധ്യതയായി മാറിയിരിക്കുന്നു സംഗതികള്‍.
ജനങ്ങള്‍ക്ക് ഉപകാരപ്രദമാകേണ്ട പദ്ധതികള്‍ പലതും തള്ളികൊണ്ടാണ് ജനങ്ങളെ നഗരഭരണ സമിതി പാഠം പഠിപ്പിച്ചിരിക്കുന്നത്. ഒന്നും രണ്ടുമല്ല നിരവധി പദ്ധതികളാണ് ഒറ്റയടിക്ക് ഭരണനിര്വ്വണക്കാര് നിഷ്കരുണം തള്ളി ചവറ്റുകുട്ടയിലെറിഞ്ഞത്. ഇത്തവണ കാസര്‍കോടിന്റെ വികസനക്കുതിപ്പില്‍ നാഴികകല്ലാകേണ്ട 36ാം വാര്‍ഡിലെ ഫിഷ് ലാന്‍ഡിംഗ് സെന്ററിലെ പ്ലാറ്റ് ഫോം നിര്‍മ്മാണം, കടപ്പുറം ചീരുമ്പ ഭഗവതി ക്ഷേത്രറോഡിലെ ഡ്രൈനേജ് നവീകരണം, തുരുത്തി 14ാം വാര്‍ഡിലെ ഫസ്റ്റ് റൈറ്റ് ക്രോസ് കോണ്‍ക്രീറ്റ് റോഡ്, കൊല്ലമ്പാടി ജനകീയ റോഡ് കോണ്‍ക്രീറ്റ്, അടുക്കത്ത് ബയല് മസ്ജിദ് റോഡ് ഫൂട്ട് പാത്, 30ാം വാര്‍ഡിലെ ബദര്പ്പള്ളിയ്ക്കു സമീപമുള്ള ഡ്രൈനേജ് കവറിംഗ് സ്ലാബ് തുടങ്ങി നിരവധി പദ്ധതികളാണ് പുറന്തള്ളിയപട്ടികയില് ഉള്‍പ്പെട്ടത്. ഇതില്‍ ഏറ്റവും പ്രധാനമേറിയ തളങ്കര പടിഞ്ഞാര്‍ പാര്‍ക്കിലേക്കുള്ള കളിയുപകരണങ്ങള്‍ വാങ്ങിക്കുവാനുള്ള പദ്ധതി തള്ളിയതിന്റെ കാരണം കേട്ടാല്‍ മൂക്കത്ത് വിരല്‍ വെയ്ക്കും. ഇതുവാങ്ങിക്കുവാനുള്ള സാങ്കേതിക വൈദഗ്ധ്യം നഗരസഭയ്ക്കില്ലെന്നാണ് ഇതിന് കാരണം എഴുതിപിടിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ ഓടിച്ചാടി കളിക്കുന്നതിനോടുപോലും കരുണകാട്ടാത്ത നടപടിയായിപ്പോയിയിത്. 75 വര്‍ഷമായി ദുരിതമനുഭവിക്കുന്ന മാര്‍ക്കറ്റ് കുന്ന് നിവാസികളോടും ഭരണസമിതി ഒട്ടുംകനിഞ്ഞില്ല. സാങ്കേതികാനുമതി കിട്ടിയ പദ്ധതിയാണ് ഇവിടെ തള്ളിക്കളഞ്ഞത്. പക്ഷേ നഗരസഭയുടെ ഈ നടപടി അംഗീകരിച്ചു നല്കാന് വാര്‍ഡ് കൗണ്‍സിലറായ റാഷിദ് പൂരണം തയ്യാറായിരുന്നില്ല. നാട്ടുകാരെയും കൂട്ടി റാഷിദ് നേരെ ചെന്നത് നഗരസഭാകാര്യാലയത്തിലേക്കായിരുന്നു അവിടെ ക്യാബിനില്‍ സെക്രട്ടറിയെ തടഞ്ഞിരുത്തി അതിശക്തമായ പ്രതിഷേധം അഴിച്ചുവിടുകയായിരുന്നു.
ഒടുവില്‍ ഗത്യന്തരമില്ലാതെ സെക്രട്ടറിയ്ക്കും എഞ്ചിനീയര്‍ക്കും റാഷിദ് പൂരണത്തിന്റെ പദ്ധതി അംഗീകരിക്കുന്നതായി രേഖാമൂലം ഉറപ്പുനല്‍കേണ്ടി വന്നു. ഇതിനിടെയാണ് എഞ്ചിനീയറുടെ വായില്‍നിന്ന് വികടസരസ്വതി പുറത്തുചാടിയത്. പദ്ധതികള്‍ തള്ളാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടില്ലെന്നും സാങ്കേതികത്വം പറഞ്ഞ് പദ്ധതി തള്ളിയതിന്റെ ഉത്തരവാദികള്‍ ചെയര്‍പേഴ്സണും വികസനകാര്യ സമിതി ചെയര്പേഴ്സണുമാണെന്ന് എഞ്ചിനീയറുടെ വായില്‍ നിന്ന് അറിയാതെ പുറത്തുവന്നുപോയി. ഇതോടെ റാഷിദ് പൂരണവും സംഘവും രോഷാകുലരായി കൂടുതല്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. ഇത്തരം നട്ടെല്ലും ജനസ്നേഹവുമുള്ള റാഷിദിനെപോലുള്ള കൗണ്‍സിലര്‍മാര്‍ മുന്‍സിപ്പാലിറ്റിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ നാട് ഇന്ന് നേരിടുന്ന വികസനമുരടിപ്പ് അകറ്റാനാവുമെന്നാണ് നഗരസഭാകാര്യാലയത്തില്‍ ഇന്ന് നടന്ന നാടകീയമായ സംഭവവികാസങ്ങള്‍ വിളിച്ചുപറയുന്നത്. നഗരപരിധിയിലെ ജനങ്ങളെ ഒന്നടങ്കം അവഹേളിച്ചും പുറം കാലുകൊണ്ട് തൊഴിക്കുകയും ചെയ്യുന്ന എരണംകെട്ടവരെ പടിയടച്ച് പുറന്തള്ളിയില്ലെങ്കില്‍ കാസര്‍കോട് ജില്ലാസ്ഥാന നഗരി വെള്ളരിക്കപ്പട്ടണവും അതിലുപരി കുപ്പത്തൊട്ടിയായി മാറുമെന്ന് ഉറപ്പാണ്.