ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്; ക്രൈംബ്രാഞ്ച് 33 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് 33 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 45 ആയി. എം.സി ഖമറുദ്ദീന് എം.എല്‍.എ ചെയര്‍മാനും ടി.കെ പൂക്കോയ തങ്ങള്‍ മാനേജിംഗ് ഡയറക്ടറുമായ ഫാഷന്‍ ഗോള്‍ഡ് ജില്ലറിയില് നിക്ഷേപിച്ച പണവും സ്വര്‍ണവും തിരിച്ചുനല്‍കാതെ വിശ്വാസവഞ്ചന കാണിച്ചുവെന്ന നിക്ഷേപകരുടെ പരാതിയില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പയുടെ നേതൃത്വത്തില്‍ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് കേസന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. അതിനിടെ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തതായി ചന്തേര പൊലീസ് പറഞ്ഞു. ഇതോടെ കേസുകളുടെ എണ്ണം 76 ആയി.
നീലേശ്വരം സ്വദേശിനി സബീനയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 38 പവന്റെ സ്വര്‍ണ്ണമാണ് ഇവര്‍ നിക്ഷേപമായി നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചും, എന്‍ഫോഴ്സ്മെന്റുമാണ് അന്വേഷണം നടത്തുന്നത്. ഇതിനോടകം തന്നെ 50ലധികം കേസുകളുടെ എഫ്.ഐ.ആര് ലോക്കല്‍ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റും ചന്തേര പൊലീസ് സ്റ്റേഷനിലെത്തി എഫ്.ഐ.ആര് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന് പുറമേ കമ്പനി ഡയറക്ടര്‍മാരുടെ വിവരങ്ങളും എന്‍ഫോഴ്സ്മെന്റ് ചോദിച്ചറിഞ്ഞിട്ടുണ്ട്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തരിക്കുന്നത് ചന്തേര പോലീസ് സ്റ്റേഷനിലാണ്