അഞ്ചുവർഷം ഒന്നും ചെയ്യാത്ത പിണറായി എങ്ങിനെ നൂറു ദിവസം കൊണ്ട്
അരലക്ഷം തൊഴിൽ സൃഷ്ടിക്കും, ചോദ്യമുയർത്തി കുഞ്ഞാലിക്കുട്ടി തോൽവി മണത്തെന്നും ലീഗ് നേതാവ്
മലപ്പുറം: കഴിഞ്ഞ അഞ്ചു വർഷവും സർക്കാർ പരാജയപ്പെട്ടുവെന്നതിന്റെ കുറ്റസമ്മതമാണ് നൂറ് ദിവസം കൊണ്ടുള്ള ജോലി വാഗ്ദാനമെന്ന് മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യുവജനങ്ങൾക്ക് ജോലി ലഭിക്കാത്തിന്റെ വിശദാംശങ്ങൾ മാധ്യമങ്ങൾ പുറത്ത് കൊണ്ട് വന്നപ്പോൾ രക്ഷയില്ലാതെയാണ് പുതിയ പ്രഖ്യാപനം. ഒന്നും നടക്കാൻ പോവുന്നില്ലെന്നും അഞ്ചുകൊല്ലം നടക്കാത്തത് എങ്ങനെയാണ് നൂറ് ദിവസം കൊണ്ട് നടക്കുകയയെന്നും കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ ചോദിച്ചു.
അഖിലേന്ത്യാ തലത്തിൽ ബി.ജെ.പി തന്നെയാണ് മുഖ്യ ശത്രു. അതിൽ ആർക്കും സംശയം വേണ്ട. അവരെ നേരിടാൻ മതേതര കക്ഷികൾ ഒന്നിക്കണമെന്ന് പറഞ്ഞപ്പോൾ അംഗീകരിക്കാത്തത് സി.പി.എം മാത്രമാണ്. അഖിലേന്ത്യാ തലത്തിൽ ബി.ജെ.പിയെ നേരിടാൻ സി.പി.എമ്മിന് ശക്തിയില്ല, കേരളത്തിലാണെങ്കിൽ വലിയ വായിലെ വർത്തമാനം മാത്രമാണുള്ളത് പ്രവർത്തനമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യു.ഡി.എഫും ബി.ജെ.പിയുമാണ് കേരളത്തിലെ പ്രധാന എതിരാളി. താൻ പറഞ്ഞ ചില കാര്യങ്ങൾ അടർത്തിമാറ്റിയാണ് ഇപ്പോഴുള്ള പ്രചാരണം. ഇതിലൊന്നും കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.